നിയമസഭാതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയസാധ്യത പ്രവചിച്ച് മനോരമന്യൂസ് സി–വോട്ടര്‍ മെഗാ എക്സിറ്റ് പോള്‍. ഐക്യജനാധിപത്യ മുന്നണി 82 മുതല്‍ 94 സീറ്റ് വരെ നേടി അധികാരം തിരിച്ചുപിടിക്കുമെന്നാണ് പ്രവചനം. ഇടതുമുന്നണിക്ക് 44 മുതല്‍ 56 സീറ്റ് വരെയാണ് എക്സിറ്റ് പോള്‍ നല്‍കുന്ന സാധ്യത. എന്‍ഡിഎയ്ക്ക് ഒന്നുമുതല്‍ മൂന്നുവരെ സീറ്റും പ്രവചിക്കുന്നു. പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് യുഡിഎഫ് അധികാരത്തില്‍ മടങ്ങിയെത്താനുള്ള സാധ്യത തെളിയുന്നത്.
മലബാറിലും മധ്യകേരളത്തിലും കരുത്തുറ്റ പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതും തെക്കന്‍ കേരളത്തില്‍ ചലനമുണ്ടാക്കാന്‍ സാധിച്ചതുമാണ് യുഡിഎഫിന് തുണയാകുന്നത്. മലബാറിലെ 48 സീറ്റുകളില്‍ 33 മുതല്‍ 37 മണ്ഡലങ്ങള്‍ വരെ യുഡിഎഫിനൊപ്പം നില്‍ക്കുമെന്നാണ് മെഗാ എക്സിറ്റ് പോളില്‍ പങ്കെടുത്തവരുടെ നിലപാടുകളില്‍ നിന്ന് വ്യക്തമാകുന്നത്. മധ്യകേരളത്തിലെ 53 സീറ്റില്‍ 31 മുതല്‍ 35 സീറ്റ് വരെയാണ് പ്രവചനം. തെക്കന്‍ കേരളത്തില്‍ 39 സീറ്റില്‍ 18 മുതല്‍ 22 വരെ സീറ്റുകള്‍ യുഡിഎഫിന് ലഭിച്ചേക്കുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.
മലബാറില്‍ ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയാണ് എക്സിറ്റ് പോളിലെ പ്രവചനം. 11 മുതല്‍ 15 സീറ്റ് വരെ മാത്രമാണ് വടക്കന്‍ കേരളം എല്‍ഡിഎഫിന് നല്‍കുന്നത്. മധ്യകേരളത്തിലെത്തുമ്പോള്‍ ഇത് 18 മുതല്‍ 22 വരെയാണ്. തെക്കന്‍ കേരളത്തില്‍ 15 മുതല്‍ 19 വരെ മണ്ഡലങ്ങള്‍ ഇടതുമുന്നണിക്കൊപ്പം നില്‍ക്കുമെന്നും എക്സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കോട്ടകളായി നിന്ന തെക്കന്‍ ജില്ലകളിലെ നഷ്ടം ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാകും.
എന്‍ഡിഎ വീണ്ടും നിയമസഭയില്‍ അക്കൗണ്ട് തുറക്കാനുള്ള സാധ്യതയും മെഗാ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. ഒന്നുമുതല്‍ മൂന്ന് സീറ്റ് വരെയാണ് ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യസംഖ്യത്തിന് കേരളത്തില്‍ പ്രതീക്ഷിക്കുന്നത്. അതില്‍ വിജയസാധ്യതയുള്ളത് നേമം മണ്ഡലത്തിലാണ്. കഴക്കൂട്ടം, പേരൂര്‍ക്കട മണ്ഡലങ്ങളിലും അതിശക്തമായ പോരാട്ടം എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ കാഴ്ചവയ്ക്കുന്നുണ്ട്. ഈ രണ്ട് മണ്ഡലങ്ങളിലും ഫലം പ്രവചനാതീതമായ നിലയാണ്.
ഹോട്ട് സീറ്റുകള്‍
രാഷ്ട്രീയപ്രാധാന്യം കൊണ്ടും വിവിഐപി സ്ഥാനാര്‍ഥികളുടെ സാന്നിധ്യം കൊണ്ടും മല്‍സരതീവ്രത കൊണ്ടുമെല്ലാം ദേശീയശ്രദ്ധ നേടിയ ഒട്ടേറെ മണ്ഡലങ്ങളുണ്ട് ഇത്തവണ. അതില്‍ പല മല്‍സരങ്ങളും അക്ഷരാര്‍ഥത്തില്‍ അഭിമാനപോരാട്ടങ്ങളാണ്. എന്‍ഡിഎ ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന നേമം മണ്ഡലത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ മുന്നിലാണെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ മല്‍സരിക്കുന്ന കഴക്കൂട്ടത്തും കെ.മുരളീധരനും സിറ്റിങ് എംഎല്‍എ വി.കെ.പ്രശാന്തും മുന്‍ ഡിജിപി ആര്‍.ശ്രീലേഖയും ഏറ്റുമുട്ടുന്ന വട്ടിയൂര്‍ക്കാവിലും പ്രവചനാതീതമായ നിലയാണ്.
മന്ത്രി പി.രാജീവ് വീണ്ടും അങ്കത്തിനിറങ്ങിയ കളമശേരിയിലും മന്ത്രി വീണാ ജോര്‍ജ് യുവ കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിയെ എതിരിടുന്ന ആറന്മുളയിലും യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ അതിശക്തമായ പോരാട്ടമാണ്. രണ്ടിടത്തും പ്രവചനം അസാധ്യമെന്നുപറയാവുന്ന ബലാബലം. മുന്‍മന്ത്രി ജി.സുധാകരനെ മുന്‍നിര്‍ത്തി യുഡിഎഫ് അമ്പലപ്പുഴയില്‍ നടത്തിയ പോരാട്ടം വിജയിക്കാനുള്ള സാധ്യതയ്ക്ക് മങ്ങലേറ്റതായാണ് എക്സിറ്റ് പോള്‍ ഡേറ്റ നല്‍കുന്ന സൂചന. അമ്പലപ്പുഴയിലും മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ മല്‍സരിക്കുന്ന പത്തനാപുരത്തും മന്ത്രി പി.എ.മുഹമ്മദ് റിയാസും പി.വി.അന്‍വറും മല്‍സരിക്കുന്ന ബേപ്പൂരിലും ഒറ്റപ്പാലം, കൊട്ടാരക്കര മണ്ഡലങ്ങളിലും ഇടതുമുന്നണിക്കാണ് നേരിയ മുന്‍തൂക്കം.
യുഡിഎഫിന് ‘സേഫ്’ എന്ന് വിശ്വസിക്കുന്ന 11 ഹോട്ട് സീറ്റുകളുണ്ട്. മഞ്ചേശ്വരം, കെ.പി.സി.സി. പ്രസിഡന്‍റ് സണ്ണി ജോസഫ് കെ.കെ.ശൈലജയെ നേരിടുന്ന പേരാവൂര്‍, കുറ്റ്യാടി, താനൂര്‍, തവനൂര്‍, മന്ത്രി എം.ബി.രാജേഷ് മുന്‍ എംഎല്‍എ വി.ടി.ബല്‍റാമിനെ നേരിടുന്ന തൃത്താല, രമേഷ് പിഷാരടിയും ശോഭ സുരേന്ദ്രനും എന്‍.എം.ആര്‍.റസാഖും ഏറ്റുമുട്ടുന്ന പാലക്കാട്, കുന്നത്തുനാട്, ഇടുക്കി, ചങ്ങനാശേരി, പൂഞ്ഞാര്‍ മണ്ഡലങ്ങളാണ് യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് പ്രവചിക്കുന്നത്. കണ്ണൂര്‍, തൃശൂര്‍, തൃപ്പൂണിത്തുറ, പാലാ, കുട്ടനാട്, അടൂര്‍, കൊല്ലം മണ്ഡലങ്ങളില്‍ യുഡിഎഫിന് നേരിയ മുന്‍തൂക്കമുണ്ടെന്നും എക്സിറ്റ് പോള്‍ ഡേറ്റ വ്യക്തമാക്കുന്നു.
തളിപ്പറമ്പ്, നാട്ടിക എന്നീ മണ്ഡലങ്ങളാണ് എല്‍ഡിഎഫിന് ‘സേഫ്’ ആയ ഹോട്ട് സീറ്റുകള്‍. മുതിര്‍ന്ന സിപിഎം നേതാവ് ടി.കെ.ഗോവിന്ദന്‍ പാര്‍ട്ടിയോടിടഞ്ഞ് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മല്‍സരിക്കുന്ന മണ്ഡലമാണ് തളിപ്പറമ്പ്. മുന്‍ നഗരസഭാധ്യക്ഷയും സിപിഎം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദന്‍റെ ഭാര്യയുമായ പി.കെ.ശ്യാമളയാണ് എതിരാളി. ശ്യാമളയ്ക്കാണ് ഇവിടെ എക്സിറ്റ് പോള്‍ സാധ്യത പ്രവചിക്കുന്നത്. സിപിഐ വിട്ട് ബിജെപിയില്‍ ചേര്‍ന്ന സിറ്റിങ് എംഎല്‍എ സി.സി.മുകുന്ദന്‍റെ സാന്നിധ്യമാണ് നാട്ടികയെ ഹോട്ട് സീറ്റാക്കിയത്. ഇവിടെ സിപിഐയിലെ ഗീത ഗോപിയെ മറികടക്കാന്‍ മുകുന്ദനോ കോണ്‍ഗ്രസിലെ സുനില്‍ ലാലൂരിനോ സാധിക്കില്ലെന്നാണ് പ്രവചനം.