വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥി നിർണയത്തിൽ യൂത്ത് കോൺഗ്രസിന് കടുത്ത അതൃപ്തി. പട്ടിക സമർപ്പിച്ചിട്ടും വേണ്ടരീതിയിൽ പരിഗണന ലഭിച്ചില്ലെന്നും സംസ്ഥാന അധ്യക്ഷൻ ഒ.കെ. ജനീഷ് പരസ്യമായി വിമർശിച്ചു.
പാർട്ടി നേരിടുന്ന അവഗണനയെക്കുറിച്ച് തുറന്നടിച്ച ജനീഷ്, "കൊണ്ട തല്ലിൻ്റെയും കേസിൻ്റെയും എണ്ണവും സീറ്റും നോക്കിയാൽ മതി, അപ്പോൾ ബോധ്യമാകും നേരിട്ട അവഗണന" എന്ന് പറഞ്ഞു. സ്ഥാനാർഥി നിർണയത്തിൽ പാർട്ടി 30 വർഷം പിന്നോട്ട് പോയെന്നും അദ്ദേഹം വിമർശിച്ചു.
ഒരു ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലാകെ ഏകദേശം 2000 സീറ്റുകളാണ് ഉള്ളത്. എന്നിട്ടും തങ്ങള്‍ക്ക് അർഹിക്കുന്ന പ്രാതിനിധ്യം ലഭിച്ചില്ല എന്ന നിലപാട് യൂത്ത് കോണ്‍ഗ്രസ് കെപിസിസി നേതൃത്വത്തെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിച്ചത് പാലക്കാട് ജില്ലയിലാണ്. ഇവിടെ 60 സീറ്റുകളാണ് യൂത്ത് കോൺഗ്രസിന് ലഭിച്ചത്. എന്നാൽ, ഇതിൽ ഭൂരിഭാഗവും ഇടതുമുന്നണിക്ക് സ്വാധീനമുള്ള, കടുത്ത മത്സരം നടക്കുന്ന സീറ്റുകളാണ്. എറണാകുളം, തൃശ്ശൂർ പോലുള്ള കോർപ്പറേഷനുകളിൽ പോലും യൂത്ത് കോൺഗ്രസിന് ഒരു സീറ്റ് പോലും പ്രായോഗികമായി ലഭിച്ചില്ല എന്ന അതൃപ്തിയും അവർ പങ്കുവെച്ചു.