പുനരുപയോഗ ഊർജ്ജമേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ വിജ്ഞാപനം നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. റിന്യൂവൽ എനർജി ആൻഡ് റിലേറ്റഡ് മാറ്റേഴ്സ് റെഗുലേഷൻസ് 2025 മായി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങളും ഒരു മാസത്തേക്കാണ് ഹൈക്കോടതി തടഞ്ഞത്. വിജ്ഞാപനം ദുരുദ്ദേശപരമെന്നും, വലിയ വിലയ്ക്ക് സ്വകാര്യ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള മുൻ കരാറുകളിൽ അഴിമതി ഉണ്ടെന്നും ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ ആണ് ജസ്റ്റിസ് മുഹമ്മദ് നിയാസിന്‍റെ ഇടക്കാല ഉത്തരവ്. ഹർജിയിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച കോടതി, എതിർകക്ഷികളായ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനോടും, കെഎസ്ഇബിയോടും, സംസ്ഥാന സർക്കാരിനോടും മറുപടി തേടി. പുതിയ വിജ്ഞാപനം സോളാർ ഉപയോക്താക്കളുടെ താൽപര്യത്തിന് വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടി ഡൊമസ്റ്റിക് ഓൺ ഗ്രിഡ് സോളാർ പവർ പ്രൊസ്യൂസേഴ്സ് കേരളയാണ് ഹൈക്കോടതിയെ സമീപിച്ചത്.