കാസർകോട് ഉപ്പളയിലെ പ്രവാസിയുടെ വീടിന് നേരെ ശനിയാഴ്‌ച നടന്ന വെടിവെപ്പിൽ വഴിത്തിരിവിൽ. വെടിവെച്ചത് വീട്ടുകാരനായ 14 കാരനാണെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ നാട്ടുകാരെയും പൊലീസിനെയും അമ്പരിപ്പിച്ച ആശങ്ക നീങ്ങി.
ഞായറാഴ്‌ച വൈകിട്ട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടി സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുപറഞ്ഞത്. മൊബൈൽ ഗെയിമിന് അടിമയായ കുട്ടി ഗെയിമിൽ നിന്നും ആവേശം ഉൾക്കൊണ്ടാണ് പിതാവിൻറെ തോക്ക് ഉപയോഗിച്ചത്. വെടിവെക്കാനുപയോഗിച്ച എയർഗൺ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച വൈകുന്നേരം വീടിന് നേരെ വെടിവയ്പ്പുണ്ടായെന്നാണ് പൊലീസില്‍ നല്‍കിയിരുന്ന പരാതിയില്‍ ഉണ്ടായിരുന്നത്. സംഭവ സമയം പ്രവാസിയുടെ മകനായ 14 കാരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ അമ്മയും രണ്ട് സഹോദരങ്ങളും വിവിധ ആവശ്യങ്ങൾക്കായി പുറത്തുപോയിരുന്നു. വെടിവയ്പ്പുണ്ടായതായി കുട്ടി വിളിച്ച് അറിയിച്ചതനുസരിച്ച് വീട്ടുകാർ മഞ്ചേശ്വരം പൊലീസിനെയും വിവരമറിയിച്ചു.
ഇൻസ്പെക്ടർ പി.അജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ രാത്രി തന്നെ പൊലീസ് അന്വഷണം ആരംഭിച്ചു. വീടിന്റെ രണ്ടാം നിലയിലെ ജനൽ ചില്ലുകളാണ് വെടിയേറ്റ് തകർന്നത്. ഞായറാഴ്‌ച ഉച്ചയോടെ ഫൊറൻസിക് വിദഗ്‌ധരും സ്ഥലം സന്ദർശിച്ചിരുന്നു. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നത്. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുള്ള അന്വേഷണത്തിൽ സംഭവസമയത്ത് ഒരുവാഹനവും വന്നതായി കണ്ടെത്താൻ കഴിഞ്ഞില്ല. സംഭവത്തിൽ ദുരൂഹതയേറിയതോടെ പൊലീസ് കുട്ടിയെ വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് കുട്ടി നടന്ന സംഭവം തുറന്ന് പറഞ്ഞത്.
വീട്ടിൽ ആരുമില്ലാത്ത സമയത്ത് പിതാവിന്റെ എയർഗൺ എടുത്ത് വെടിവെയ്ക്കുകയായിരുന്നുവെന്നാണ് കുട്ടി നൽകിയ മൊഴി. ഗെയിമിൽ നിന്ന് ആവേശം ഉൾക്കൊണ്ട് തോക്ക് ഉപയോഗിച്ചതെന്നാണ് കുട്ടി പറയുന്നത്. പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്ത 14 കാരന് കൗണ്‍സിലിങ് നല്‍കും.