തിരുവനന്തപുരം മെഡിക്കല്‍ കോളജിലേത് ഇപ്പോഴും 1986ലെ അവസ്ഥ തന്നെയാണെന്ന് തുറന്നടിച്ച് ഡോ.ഹാരിസ്. ചികില്‍സ നിഷേധിക്കപ്പെട്ട് വേണു മരിച്ചത് നിര്‍ഭാഗ്യകരം. വേണുവിനെ തറയില്‍ കിടത്തിയത് പ്രാകൃതം. സാംസ്കാരിക കേരളത്തിന് ചേരാത്ത ഈ അവസ്ഥ മാറണമെന്നും ഡോ.ഹാരിസ്.
അതേസമയം, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ കിട്ടാതെ ഹൃദ്രോഗിയായ വേണു മരിച്ചെന്ന പരാതിയില്‍ രോഗിയുടെ ക്രിയാറ്റിന്‍ ലെവല്‍ കൂടുതലായിരുന്നതിനാല്‍ ആന്‍ജിയോഗ്രാം സാധ്യമായില്ലെന്ന മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്‍റെ വാദം പൊളിഞ്ഞു.
അപകടകരമായ നിലയില്ലെന്ന് തെളിയിക്കുന്ന വേണുവിന്‍റെ പരിശോധനാ റിപ്പോര്‍ട്ട് മനോരമ ന്യൂസിനു ലഭിച്ചു. ബന്ധുവായ രാഷ്ടീയക്കാരന്‍റെ ശുപാര്‍ശയില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ പോയി കണ്ട് പറഞ്ഞിട്ടും ഗുണമുണ്ടായില്ലെന്നും വേണുവിന്‍റെ ഭാര്യ സിന്ധു ആരോപിച്ചു.
ഹൃദയാഘാതമുണ്ടായി അതീവ ഗുരുതരാവസ്ഥയില്‍ വേണുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിക്കുന്നത് ഒന്നാം തീയതി. നേരെ 28ാം വാര്‍ഡിലെ തറയില്‍ അഡ്മിറ്റ് ചെയ്തു. വേണുവിന്‍റെ മരണം വിവാദമായപ്പോള്‍ ക്രിയാറ്റിന്‍ ലെവല്‍ കൂടുതലായതിനാല്‍ ആന്‍ജിയോഗ്രാം സാധ്യമായില്ലെന്നായിരുന്നു മെഡിക്കല്‍ കോളജിന്‍റെ സൂപ്രണ്ടിന്‍റെ ന്യായീകരണം.
തറയില്‍ കിടന്ന് ജീവനു വേണ്ടി പിടയുന്ന ഭര്‍ത്താവിനു വേണ്ടി മൂന്നാം തീയതി ബന്ധുവിന്‍റെ ശുപാര്‍ശയില്‍ സൂപ്രണ്ടിനെ നേരില്‍ കണ്ടും സിന്ധു സഹായം ചോദിച്ചു. ഗുരുതരാവസ്ഥയിലെത്തിച്ച രോഗിയെ തറയില്‍ കിടത്തിയാണോ വിദഗ്ധ ചികില്‍സ നല്കിയതെന്ന ചോദ്യമുയരുന്നു. സൂപ്രണ്ടിന്‍റെ ന്യായീകരണങ്ങള്‍ പൊളിയുമ്പോള്‍ ചികില്‍സയില്‍ അലംഭാവം ഉണ്ടായെന്ന വേണുവിന്‍റെ മരണമൊഴിക്കും കുടുംബത്തിന്‍റെ ആരോപണങ്ങള്‍ക്കും ബലം കൂടുകയാണ് .