TOPICS COVERED

കൊച്ചിയിൽ രണ്ടു വാഹനാപകടങ്ങളിൽ മൂന്നു മരണം. ഇടപ്പള്ളിയിൽ കാർ മെട്രോപില്ലറിലിടിച്ച് ആലപ്പുഴ സ്വദേശികളായ രണ്ടു വിദ്യാർഥികൾ മരിച്ചു. ആലുവ അമ്പാട്ടുകാവിൽ ബൈക്കിടിച്ച് നഴ്സും മരിച്ചു

പുലർച്ചെ മൂന്നേമുക്കാലിനാണ് ഇടപ്പള്ളിയിൽ കാർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ടകാർ മെട്രോപി ല്ലറിൽ ഇടിക്കുകയായിരുന്നു. ആലപ്പുഴ ചേർത്തല സ്വദേശികളായ നാലു വിദ്യാർഥികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മുന്നിലും  പിന്നിലും ഇടതുവശത്തിരുന്ന ഹറൂൺ ഷാജി, മുനീർ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരുടെ നില അതിഗുരുതരമായി തുടരുകയാണ്. ഇവരെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ശക്തിയിൽ കാറിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. കാർ അമിത വേഗതയിൽ ആയിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. അപകടകാരണം പൊലീസും അന്വേഷിക്കുന്നു.

അതിദാരുണമായ അപകടമാണ് ഇടപ്പള്ളി ബാങ്ക് ജങ്ഷനില്‍ ഉണ്ടായതെന്ന് തകര്‍ന്നു തരിപ്പണമായ കാറിന്‍റെ കാഴ്ചയില്‍ തന്നെ വ്യക്തമാണ്. കാറിന്‍റെ മൂന്‍ഭാഗവും ഒരുവശവും പൂര്‍ണമായി തകര്‍ന്നു. ആലുവ ഭാഗത്തു നിന്നും വന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച ശേഷമാണ് മെട്രോ പില്ലറിലേക്ക് വന്നുകയറുന്നത്. കാറിന്റെ അലോയ് വീലടക്കം ഊരി പുറത്തേക്ക് തെറിച്ചുപോയി. മുന്‍ഭാഗമുള്‍പ്പെടെ തകര്‍ന്നിട്ടും മുന്‍വശത്തെ എയര്‍ബാഗ് പുറത്തുവന്നില്ലെന്നത് അപകടത്തിന്റെ ആഘാതം കൂട്ടി.

ഡ്രൈവര്‍ സീറ്റിലിരുന്ന വിദ്യാര്‍ഥി ഉറങ്ങിപ്പോയതോ അമിതവേഗമോ റോഡിലെ കുഴി കാണാതെ പോയതോ ആവാം അപകടകാരണമെന്നാണ് ട്രാഫിക് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. ‌സൈലന്റ്‌സര്‍ ഉള്‍പ്പെടെ വണ്ടി മൊത്തം ആള്‍ട്ടറേഷന്‍ ആണെന്നും ട്രാഫിക് ഉദ്യോഗസ്ഥര്‍ പറയുന്നു.

ക്ഷേത്ര ദർശനത്തിന് പോകും വഴിയാണ് അമ്പാട്ടുകാവിൽ നഴ്സായ ബിജിമോള്‍ ബൈക്കിടിച്ച് മരിച്ചത്. അമ്പാട്ടുകാവ് സ്വദേശിയും ആലുവ ലക്ഷ്മി ആശുപത്രിയിലെ നഴ്സുമാണ്.

ENGLISH SUMMARY:

Kochi accident news reports two fatal accidents. In Edappally, a car crash resulted in the death of two students, while in Aluva, a nurse died in a motorcycle accident.