വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതില്‍ നിര്‍ണായക സി.സി.ടിവി.ദൃശ്യം പൊലീസിന് ലഭിച്ചു. പെണ്‍കുട്ടിയെ ചവിട്ടി വീഴ്ത്തുന്ന ദൃശ്യം ആര്‍.പി.എഫ് പൊലീസിന് കൈമാറി.
ആക്രമിക്കപ്പെട്ട പത്തൊന്‍പതുകാരി ശ്രീക്കൂട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. .നിലവിലെ ചികില്‍സ തുടരാന്‍ രാവിലെ ശ്രീക്കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാരുടെ സംഘം തീരുമാനിച്ചു.
പൂര്‍ണമായും വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ചികില്‍സകള്‍ തുടരുന്നത്. ന്യൂറോളജി, ന്യൂറോ സര്‍ജറി , അതിതീവ്രപരിചരണ വിഭാഗം ഡോക്ടര്‍മാരുടെ സംഘം രാവിലെ ശ്രീക്കുട്ടിയെ പരിശോധിച്ചു. ഇക്കാര്യം പെണ്‍കുട്ടിയുടെ കുടുംബത്തെ ഡോക്ടര്‍മാര്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ പരാതി ഉന്നയിച്ച അമ്മക്ക് ഉള്‍പ്പടെ ഇക്കാര്യം ബോധ്യപ്പെട്ടെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. എല്ലുകൾക്ക് കാര്യമായ പൊട്ടലില്ലെങ്കിലും തലച്ചോറിനേറ്റ ചതവും തലയിലെ മുറിവുമാണ് ആരോഗ്യനില ഗുരുതരമായി തുടരാന്‍ കാരണം . ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത പ്രതി സുരേഷ് കുമാറിനെ കസ്റ്റഡയില്‍ വാങ്ങാന്‍ നാളെ റയില്‍വേ പൊലീസ് കോടതിയെ സമീപിക്കും