rahul-tanvi

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ‘സ്മൈൽ ഭവന’ത്തിന്‍റെ തറക്കല്ലിടൽ ചടങ്ങില്‍ മുഖ്യാതിഥിയായി നടി തൻവി റാം. പാലക്കാട് നിയോജകമണ്ഡലത്തിലെ അർഹരായ കുടുംബങ്ങൾക്ക് വീട് നിർമിച്ച് നല്‍കുന്ന എംഎല്‍എയുടെ പദ്ധതിയാണിത്. സ്വന്തമായി വീട് ഇല്ലാത്തവരുടെ സ്വപ്നം യാഥാർഥ്യമാകുന്ന പദ്ധതിയുടെ ഭാഗമായി പങ്കെടുക്കാൻ കഴിഞ്ഞതിൽ താൻ അതീവ സന്തുഷ്ടയാണെന്ന് തൻവി റാം വ്യക്തമാക്കി. 

‘ഇവിടെ പല പരിപാടികൾക്ക് ഞാൻ വന്നിട്ടുണ്ട്. ഇന്നും അങ്ങനെ ഒരു പരിപാടിക്ക് വന്നതാണ്. രാഹുൽ കുറച്ചു കാലം മുന്നേ എന്നോട് പറഞ്ഞിട്ടുണ്ട്, ഇങ്ങനെ ഒരു സംരംഭം തുടങ്ങുന്ന കാര്യം. പറ്റുമെങ്കിൽ ഈ പരിപാടിയിൽ പങ്കെടുക്കണം എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ എന്നെ ഇവിടേക്ക് വിളിച്ചതിൽ വലിയ സന്തോഷമുണ്ട്. ഇതുപോലെ ഒരു സംരംഭവുമായി മുന്നോട്ട് വന്ന രാഹുലിന് ഞാൻ നന്ദി പറയുന്നു.’, തൻവി റാം പറഞ്ഞു.

പാലക്കാട് മണ്ഡലത്തിലെ ഒട്ടേറെ  കുടുംബങ്ങളുടെ ചിരകാല അഭിലാഷമാണ് 'സ്‌മൈൽ ഭവനം' പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു. വോട്ട് ചോദിക്കാൻ പോയപ്പോൾ ടാർപോളിൻ ഷീറ്റ് മറച്ച വീടുകളിൽ കിടക്കുന്ന മനുഷ്യരെ കണ്ടതാണ് ഈ പദ്ധതിക്ക് പ്രചോദനമായതെന്ന് എംഎൽഎ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനം പാലിക്കുന്നതിന്‍റെ സന്തോഷവും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പങ്കുവച്ചു.

ENGLISH SUMMARY:

Rahul Mamkootathil MLA's 'Smile Bhavanam' project groundbreaking ceremony featured actress Tanvi Ram. This initiative provides homes to deserving families in the Palakkad constituency, fulfilling a long-held dream.