തിരുവനന്തപുരം വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് മദ്യപനായ സഹയാത്രികന്‍റെ ചവിട്ടേറ്റ് പുറത്തേക്ക് തെറിച്ച് വീണ തിരുവനന്തപുരം പാലോട് സ്വദേശി ശ്രീക്കുട്ടി എന്ന സോനയുടെ ആരോഗ്യനിലയിൽ പുരോഗതി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന സോനക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടെന്ന് ഡോക്ടർമാർ. ആന്തരിക രക്തസ്രാവം ഉള്ളതിനാൽ സോന അപകടനില തരണം ചെയ്തു എന്ന് ഉറപ്പിക്കാനായിട്ടില്ല. 

ഞായറാഴ്ച രാത്രി 8.45ഓടെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ് ജനറൽ കമ്പാർട്ട്മെന്റിലായിരുന്നു 19 വയസ്സുകാരിയായ സോനയും സുഹൃത്ത് അർച്ചനയും ആക്രമിക്കപ്പെട്ടത്. അക്രമി തിരുവനന്തപുരം പനച്ചമൂട് സ്വദേശി 48 വയസ്സുകാരനായ സുരേഷ് കുമാർ റെയിൽവേ പൊലീസിന്‍റെ കസ്റ്റഡിയിൽ തുടരുകയാണ്.

ട്രാക്കില്‍വീണ പെണ്‍കുട്ടിയെ രക്ഷപെടുത്തി എത്തിച്ചത് മെമുവിലാണ്. വര്‍ക്കല റയില്‍വെ സ്റ്റേഷന് 1.5കിലോമീറ്റര്‍ അകലെ അയന്തി മേല്‍പാലത്തിന് സമീപമാണ് പെണ്‍കുട്ടി വീണത്. ആംബുലന്‍സിന് എത്താന്‍ കഴിയാത്ത സ്ഥലമായിരുന്നു. അതിനാല്‍ മെമു നിര്‍ത്തിച്ചാണ് പെണ്‍കുട്ടിയെ വര്‍ക്കലയില്‍ എത്തിച്ചത്. ട്രാക്കില്‍നിന്നാണ് യുവതിയെ കണ്ടെത്തിയതെന്ന് വി. ജോയ് എംഎല്‍എ പറഞ്ഞു. പ്രതിയെ യാത്രക്കാരാണ് പിടികൂടി ആര്‍പിഎഫിന് കൈമാറിയതെന്നും എംഎല്‍എ പറഞ്ഞു. 

രണ്ടുപെണ്‍കുട്ടികളെയും പ്രതിയായ സുരേഷ് കുമാര്‍ അക്രമിച്ചിരുന്നു. ഒരാള്‍ അകത്താണ് വീണത്. പാലോട് സ്വദേശിയായ സോനയാണ് പുറത്തേക്ക് വീണത്. കൂടെയുള്ള പെണ്‍കുട്ടി ബഹളം വച്ചപ്പോഴാണ് മറ്റുള്ളവര്‍ വിവരമറിഞ്ഞത്. ചവിട്ടിത്താഴെയിട്ടതായി കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി പറഞ്ഞു. ശുചിമുറിയില്‍ പോയി തിരികെ വരുമ്പോഴായിരുന്നു ആക്രമണം പെണ്‍കുട്ടിക്ക് ഗുരുതര പരുക്കെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത് അബോധാവസ്ഥയിലായിരുന്നു. അതേസമയം, പെണ്‍കുട്ടിയെ ആക്രമിച്ചിട്ടില്ലെന്ന് പ്രതി മാധ്യമങ്ങളോട് പറഞ്ഞു. ഫോര്‍ട്ട് ആശുപത്രിയില്‍ പ്രതിയുടെ വൈദ്യപരിശോധന പൂര്‍‌ത്തിയായി.

ENGLISH SUMMARY:

Train accident Varkala highlights a tragic incident where a young woman was critically injured after being pushed from a train. The victim is currently receiving treatment, and authorities are investigating the attack.