ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് മദ്യപന്‍റെ ചവിട്ടേറ്റ് പുറത്തേക്ക് തെറിച്ച് വീണ തിരുവനന്തപുരം പാലോട് സ്വദേശി ശ്രീക്കുട്ടി എന്ന സോനയുടെ ആരോഗ്യനിലയിൽ പുരോഗതി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന സോനക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ആന്തരിക രക്തസ്രാവം ഉള്ളതിനാൽ സോന അപകടനില തരണം ചെയ്തു എന്ന് ഉറപ്പിക്കാനായിട്ടില്ല. Also Read: അർച്ചനയെ ട്രെയിനിന് പകുതി പുറത്തിട്ടു; സുരേഷ്കുമാറിനൊപ്പം സുഹൃത്തും; ലഹരി മദ്യമാണോ എന്ന് സംശയം
ഇന്നലെ രാത്രി 8:45ഓടെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ് ജനറൽ കമ്പാർട്ട്മെന്റിലായിരുന്നു 19 വയസ്സുകാരിയായ സോനയും സുഹൃത്ത് അർച്ചനയും ആക്രമിക്കപ്പെട്ടത്. അക്രമി തിരുവനന്തപുരം പനച്ചമൂട് സ്വദേശി 48 വയസ്സുകാരനായ സുരേഷ് കുമാർ റെയിൽവേ പൊലിസിന്റെ കസ്റ്റഡിയിൽ തുടരുകയാണ്.
സുരേഷ് കുമാര്‍ ആദ്യം ശ്രീക്കുട്ടിയെ ട്രെയിനില്‍ നിന്ന് ചവിട്ടി വെളിയിലേക്ക് തള്ളി. പിന്നാലെ സുഹൃത്ത് അര്‍ച്ചനയും ആക്രമിക്കപ്പെട്ടു. ചവിട്ടി പുറത്തേക്ക് തള്ളിയ അര്‍ച്ചന കമ്പിയില്‍ പിടികിട്ടിയതിനാല്‍ രക്ഷപ്പെട്ടു. നിലവിളികേട്ടെത്തിയ സഹയാത്രികരാണ് അര്‍ച്ചനയെ പിടിച്ചുകയറ്റിയത്.