യാത്രക്കാരെ വലച്ച് ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു. എല്ലാ എയര്‍പോര്‍ട്ടുകളിലും വിമാനങ്ങള്‍ റദ്ദാക്കി. ബെംഗളൂരുവില്‍ നിന്ന് മാത്രം 124 സര്‍വീസുകളാണ് റദ്ദാക്കിയത്. ഡല്‍ഹിയില്‍നിന്ന് അന്‍പതും അഹമ്മദാബാദില്‍ നിന്ന് പത്തൊന്‍പതും ചെന്നൈയില്‍ നിന്ന് 9 സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് പത്തും കൊച്ചിയില്‍ മൂന്നും കണ്ണൂരില്‍ രണ്ടും കരിപ്പൂരില്‍ ഒരു സര്‍വീസും റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശബരിമല തീര്‍ഥാടകരും, വിനോദസഞ്ചാരികളും കുടങ്ങി. ടിക്കറ്റ് റദ്ദാക്കിയാലും പണം കിട്ടാന്‍ രണ്ടു ദിവസം വൈകും. ഡിജിസിഎ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നു.
കൊച്ചിയില്‍നിന്ന് ഇന്‍ഡിഗോ വിമാനം റദ്ദാക്കിയതോടെ ദുരിതത്തിലായവരില്‍ രോഗികളും ഉള്‍പ്പെടുന്നു. 17 മണിക്കൂറിലേറെയായി നെടുമ്പാശേരി വിമാനത്താവളത്തിൽ കാത്തിരിക്കുകയാണ് ഹൃദ്രോഗി. വീൽചെയർ പോലും ലഭ്യമാക്കിയില്ലെന്ന് യാത്രക്കാരി മനോരമ ന്യൂസിനോട്. യുഎസിൽ നിന്ന് ചികിൽസാ ആവശ്യത്തിന് എത്തിയ മലയാളിയാണ് ദുരിതത്തിലായത്. മുംബൈയിലേയ്ക്ക് കണക്ഷൻ വിമാനം ലഭിക്കാത്തതിനാൽ യുഎസിലേയ്ക്കുള്ള മടക്കം അനിശ്ചിതത്വത്തിലായിരിക്കയാണ്.
Also Read: നൂറുകണക്കിന് ഇന്‍ഡിഗോ സർവീസുകൾ ഇന്നും റദ്ദാകും; പ്രതിസന്ധിക്ക് തടയിടാന്‍ റയില്‍വേ രംഗത്ത്
ഇൻഡിഗോ വിമാനം റദ്ദാക്കിതോടെ അഹമ്മദാബാദ് വിമാനത്താവളത്തിനുള്ളിൽ യാത്രക്കാരി പൊട്ടിക്കരഞ്ഞു. പുലർച്ചെ 12 മണി മുതൽ രാവിലെ 6 മണി വരെ അഹമ്മദാബാദിൽ നിന്നുള്ള 7 വിമാനങ്ങളാണ് റദ്ദാക്കിയത്. അഹമ്മദാബാദിലേക്കുള്ള 12 വിമാനങ്ങളും റദ്ദാക്കിയിരുന്നു. വിമാനം റദ്ദാക്കിയതോടെ നൂറുകണക്കിന് യാത്രക്കാരാണ് ഇവിടെ ദുരിതത്തിലായത്