വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട പ്രതി സുരേഷ് കുമാർ കോട്ടയത്ത് നിന്നാണ് കേരള എക്സ്പ്രസിൽ കയറിയത്. ജോലി അന്വേഷിച്ചാണ് തിരുവനന്തപുരം പാറശാലയ്ക്ക് സമീപം പനച്ചുംമൂട് സ്വദേശിയായ ഇയാൾ കോട്ടയത്തേക്ക് പോയത്. ഇയാൾക്കൊപ്പം സുഹൃത്തും സംഭവസമയത്തുണ്ടായിരുന്നു. സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഉറക്കത്തിലായിരുന്നു എന്നാണ് മൊഴി. ബഹളം കേട്ടാണ് ഉണർന്നതെന്നും ഇയാൾ മൊഴി നൽകി.
ആലുവയിൽ നിന്ന് കയറിയ ശ്രീകുട്ടി, അർച്ചന എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ശ്രീകുട്ടിയാണ് പുറത്തേക്ക് വീണത്. ശ്രീകുട്ടിയെ ആക്രമിച്ച ശേഷം അർച്ചനയെ പിടിച്ച് പുറത്തിടാൻ ശ്രമിച്ചെങ്കിലും ചവിട്ടുപടിയിൽ പിടിച്ചു കിടക്കുകയായിരുന്നു. സഹയാത്രക്കാരാണ് അർച്ചനയെ രക്ഷിച്ചത്. ശ്രീകുട്ടി വാഷ്റൂമിൽ പോയി തിരിച്ചു വന്നപ്പോഴാണ് സംഭവം. വാതിലിന് സമീപം നിൽക്കവെ പ്രതി നടുവിന് ചവിട്ടി പുറത്തിടുകയായിരുന്നു. അടുത്ത സെക്കൻഡിൽ അർച്ചനയുടെ കയ്യിലും കാലിലും പിടിച്ച് പുറത്തിടാനും പ്രതി ശ്രമിച്ചു.
യാത്രക്കാർ പിടികൂടിയ പ്രതി റെയിൽവേ പൊലീസിന്‍റെ കസ്റ്റഡിയിലാണ്. ഇയാളെ തമ്പാനൂർ സ്റ്റേഷനിലേക്കാണ് മാറ്റിയത്. പുലർച്ചെ മൂന്ന് മണി വരെയും ചോദ്യം ചെയ്യാൻ ശ്രമിച്ചെങ്കിലും ലഹരി വിട്ടുമാറിയിട്ടില്ലെന്നാണ് വിവരം. മദ്യം തന്നെയാണോ കഴിച്ചിട്ടുള്ളത് എന്ന് പോലും റെയിൽവെ പൊലീസിനു സംശയമുണ്ട്. നിലവിൽ പരസ്പരം വിരുദ്ധമായിട്ടാണ് പ്രതി സംസാരിക്കുന്നത്.
Also Read: സുരേഷ്‍കുമാര്‍ പെണ്‍കുട്ടികളുടെ ദേഹത്തേക്ക് ചാരി; ചവിട്ടിയത് എതിര്‍ത്തപ്പോള്‍
ട്രാക്കില്‍വീണ പെണ്‍കുട്ടിയെ രക്ഷപെടുത്തി വര്‍ക്കലയില്‍ എത്തിച്ചത് മെമുവിലാണ്. വര്‍ക്കല റയില്‍വെ സ്റ്റേഷന് 1.5കിലോമീറ്റര്‍ അകലെ അയന്തി മേല്‍പാലത്തിന് സമീപമാണ് പെണ്‍കുട്ടി വീണത്. ആംബുലന്‍സിന് എത്താന്‍ കഴിയാത്ത സ്ഥലമായിരുന്നു. അതിനാല്‍ മെമു നിര്‍ത്തിച്ചാണ് പെണ്‍കുട്ടിയെ വര്‍ക്കലയില്‍ എത്തിച്ചത്. ട്രാക്കില്‍നിന്നാണ് യുവതിയെ കണ്ടെത്തിയതെന്ന് വി. ജോയ് എംഎല്‍എ പറഞ്ഞു. പ്രതിയെ യാത്രക്കാരാണ് പിടികൂടി ആര്‍പിഎഫിന് കൈമാറിയതെന്നും എംഎല്‍എ പറഞ്ഞു.