മുപ്പത് വര്‍ഷമായി ഇടത് കോട്ടയായ നെടുമങ്ങാട് നഗരസഭയില്‍ ഭരണത്തുടര്‍ച്ചയ്ക്ക് അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുയാണ് എല്‍ഡിഎഫ്. മികച്ച സ്ഥാനാര്‍ഥികളെ പരീക്ഷിച്ചുകൊണ്ട് അട്ടിമറി പ്രതീക്ഷിക്കുകയാണ് യുഡിഎഫും എന്‍ഡിഎയും.
മൂന്ന് പതിറ്റാണ്ടായി ഇടത്തോട്ടാണ് നെടുമങ്ങാടിന്‍റെ ചായ്‌വ്. ഇത്തവണയും ഭരണത്തുടര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റേയും നഗരസഭയുടേയും ഭരണ നേട്ടങ്ങളാണ് മുഖ്യ പ്രചാരണ ആയുധം. പ്രധാന നേതാക്കളെല്ലാം മത്സര രംഗത്തുണ്ട്. 34 സീറ്റില്‍ സിപിഎമ്മും എട്ടിടത്ത് സിപിഐയും ജനവിധി തേടുന്നു.
ഇക്കുറി നെടുമങ്ങാട്ടെ ജനം വലത്തോട്ട് ചരിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. 30 വര്‍ഷത്തെ വികസനമുരടിപ്പ് അക്കമിട്ട് നിരത്തിയാണ് പ്രചാരണം. ആവശ്യപ്പെട്ട സീറ്റുകള്‍ നല്കാത്തതിനേത്തുടര്‍ന്ന് 3 വാര്‍ഡുകളില്‍ മുസ് ലിം ലീഗ് സ്ഥാനാര്‍ഥികള്‍ ഒറ്റയ്ക്ക് മത്സര രംഗത്തുണ്ട്.
37 വാര്‍ഡില്‍ ബിജെപി മത്സരിക്കുമ്പോള്‍ അഞ്ചിടത്ത് സ്ഥാനാര്‍ഥികള്‍ ഇല്ല. 22 വാര്‍ഡില്‍ വിജയപ്രതീക്ഷയിലാണ് പാര്‍ട്ടി. പനങ്ങോട്ടേല
വാര്‍ഡില്‍ സ്ഥാനാര്‍ഥിത്വം നഷ്ടപ്പെടുമോയെന്ന ആശങ്കയില്‍ ബിജെപി സ്ഥാനാര്‍ഥി ശാലിനി സനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. വാര്‍ഡ് പുനര്‍ നിര്‍ണയത്തിലൂടെ മൂന്ന് വാര്‍ഡുകളാണ് കൂടിയത്.