train-ganja

TOPICS COVERED

ട്രെയിന്‍മാര്‍ഗം കേരളത്തിലേക്കുള്ള ലഹരിക്കടത്തിന് കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നത് റെയില്‍വെയിലെ താല്‍ക്കാലിക ജീവനക്കാര്‍. ടാറ്റാനഗര്‍ എക്സ്പ്രസില്‍ കടത്തിയ പന്ത്രണ്ട് കിലോ കഞ്ചാവുമായി ട്രെയിനിലെ ബെഡ്റോള്‍ സ്റ്റാഫ് പിടിയിലായി. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ താല്‍ക്കാലിക ജീവനക്കാരനെയാണ് റെയില്‍വെ പൊലീസ് പിടികൂടിയത്. 

കേരളത്തിലേക്കുള്ള ലഹരിക്കടത്തിന് പിന്നില്‍ റെയില്‍വെ താത്കാലിക ജീവനക്കാരുടെ പങ്ക് കൂടുതല്‍ വ്യക്തമാകുകയാണ്. എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് ബിഹാര്‍ സ്വദേശി പിടിയിലായത്. ജാര്‍ഖണ്ഡില്‍ നിന്നുള്ള ടാറ്റാനഗര്‍ എക്സ്പ്രസിലാണ് മുഹമ്മദ് ഫയസുള്ള കഞ്ചാവ് കടത്തിയത്. ടാറ്റാനഗര്‍ എക്സ്പ്രസില്‍ റെയില്‍വെ പൊലീസ് പരിശോധനയ്ക്കെത്തിയതോടെ കഞ്ചാവ് അടങ്ങിയ ബാഗുമായി മുഹമ്മദ് പ്ലാറ്റ്ഫോമിലേക്കിറങ്ങി. ഒന്നും അറിയാത്ത പൊലെ രണ്ട് ബാഗുകളിലുമായി ട്രെയിന്‍ കാത്തു നില്‍ക്കുന്നതുപോലെ പ്ലാറ്റ്ഫോമില്‍ നിന്നു. മുഹമ്മദിന്‍റെ നില്‍പ് കണ്ട് പന്തിയല്ലെന്ന മനസിലായ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ആദ്യം ബാഗില്‍ തുണികളാണെന്ന് പറഞ്ഞു. പിന്നീട് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. തുടര്‍ന്നുള്ള പരിശോധനയിലാണ് ബെഡ്റോള്‍ സ്റ്റാഫാണെന്ന് തെളിയിക്കുന്ന രേഖ ലഭിച്ചത്. 

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഇതേ ട്രെയിനിലെ ബെഡ്റോള്‍ സ്റ്റാഫായ മറ്റൊരാളെയും പിടികൂടിയിരുന്നു. അന്ന്  52 കിലോകഞ്ചാവുമായി ബംഗാളുകാരന്‍ സുകുലാല്‍ ടുഡുവാണ് പിടിയിലായത്. കഞ്ചാവ് വാങ്ങാനെത്തിയ മലയാളികളായ ദീപക്, സ്വരൂപ് എന്നിവരും പിടിയിലായി. കേരളത്തിലെ ലഹരിമാഫിയ സംഘങ്ങള്‍ നല്‍കുന്ന ഓര്‍ഡര്‍ പ്രകാരമാണ് ട്രെയിനിലെ ലഹരിക്കടത്ത്. റെയില്‍വെ പൊലീസും ആര്‍പിഎഫും സംയുക്തമായി നടത്തുന്ന പരിശോധന വരും ദിവസങ്ങളിലും തുടരും.

ENGLISH SUMMARY:

Kerala drug trafficking involves temporary railway employees as carriers via trains. Railway police arrested a bedroll staff member on the Tata Nagar Express with twelve kilograms of cannabis