അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനത്തിനെതിരെ വിമര്‍ശനങ്ങള്‍ കടുക്കുമ്പോള്‍ മറുപടിയുമായി തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ് . അതിദരിദ്രര്‍ എന്ന് കണ്ടെത്തിയവരെ മാത്രമാണ് മോചിപ്പിച്ചതെന്നും ഇനിയും ആരെയെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അവരെയും മോചിപ്പിക്കുമെന്നും എം.ബി.രാജേഷ് മനോരമ ന്യൂസിനോട് പറഞ്ഞു. അതിദാരിദ്ര്യ നിര്‍മാര്‍ജനാനന്തര പദ്ധതിയെങ്കിലും വിദഗ്ധര്‍ വായിച്ചു നോക്കണമെന്നും വിവാദങ്ങള്‍ക്ക് പിന്നില്‍ കുറ്റം കണ്ടുപിടിക്കാന്‍ നടക്കുന്നവരാണെന്നും രാജേഷിന്‍റെ പരിഹാസം
സര്‍ക്കാര്‍ ആര്‍ഭാടപൂര്‍വം നടത്തിയ അതിദാരിദ്രനിര്‍മാര്‍ജന പ്രഖ്യാപനം തട്ടിപ്പാണെന്ന് വിമര്‍ശനം പ്രതിപക്ഷവും ഈ മേഖലയിലെ വിദഗ്ധരും ഉയര്‍ത്തുമ്പോളാണ് തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷിന്‍റെ പ്രതികരണം. ഇത്രയും പേര്‍ മാത്രമാണോ കേരളത്തില്‍ അതിദരിദ്രര്‍ എന്ന ചോദ്യമാണ് ഉയരുന്നത്.
64006 കുടുംബങ്ങളെ അതിദാരിദ്രത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് നാലര വര്‍ഷം മുന്‍പ് പ്രഖ്യാപിച്ചപ്പോള്‍ ഒരു സംശയവും ഉന്നയിക്കാത്തവരാണ് വിദഗ്ധരെന്ന് എം.ബി.രാജേഷിന്‍റെ പരിഹാസം. പദ്ധതി തട്ടിപ്പ് ആണെങ്കില്‍ യുഡിഎഫിന്‍റെ 40 ശതമാനം പഞ്ചായത്തുകളും തട്ടിപ്പിന്‍റെ ഭാഗമാണെന്ന് തദ്ദേശ മന്ത്രിയുടെ മറുപടി. സ്വിച്ച് ഇട്ടപ്പോൾ ബൾബ് കത്തിയത് പോലെയല്ല അതിദരിദ്ര്യ മുക്ത കേരളം പ്രഖ്യാപനത്തിലേക്ക് എത്തിയതെന്നും പ്രതിപക്ഷത്തിന് പലതും അംഗീകരിക്കാൻ മടിയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.
അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനത്തിന് തദ്ദേശ സ്ഥാപനങ്ങളു മേല്‍ കെട്ടിവെച്ചത് അധിക സാമ്പത്തികഭാരമെന്ന് കണക്കുകള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു വിവാദങ്ങള്‍ക്ക് പിന്നില്‍ കുറ്റം കണ്ടുപിടിക്കാന്‍ നടക്കുന്നവരാണെന്ന് എം ബി രാജേഷ് പ്രതികരിച്ചു.