മൂന്നു വർഷം മുൻപ് ആളിക്കത്തിയ ബ്രഹ്മപുരത്തെ തീ അണഞ്ഞതോടെ ബ്രഹ്മപുരത്തെ എല്ലാവരും മറന്നുപോയെന്ന് മന്ത്രി എംബി രാജേഷ്. ഈ വിഷയത്തിൽ പിന്നെ മാധ്യമ ചർച്ചകൾ ഉണ്ടായിട്ടില്ലെന്നും തലക്കെട്ടുകൾ വന്നിട്ടില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ബ്രഹ്മപുരത്തെ മാലിന്യം മാറ്റി അത്യാധുനികമായ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന്റെ പണി പൂർത്തിയാക്കിയ വിവരം വിഡിയോ സഹിതം അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ചു. 'വെറും വാക്കില്ല, പറഞ്ഞാൽ പറഞ്ഞത് ചെയ്യും, ഇതാ ഒരു തെളിവ് കൂടി' എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് ആരംഭിക്കുന്നത്.
'ബ്രഹ്മപുരത്തെ തീ അണഞ്ഞ ശേഷം പ്രതിപക്ഷം നിയമസഭയിൽ ബ്രഹ്മപുരം എന്ന് ഉച്ചരിച്ചിട്ടേയില്ല. എല്ലാവരും മറന്ന കൂട്ടത്തിൽ സർക്കാരും മറന്നിരുന്നുവെങ്കിൽ, ബ്രഹ്മപുരം പഴയ ബ്രഹ്മപുരമായി തുടരുമായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ മാലിന്യമല, 9 ലക്ഷം മെട്രിക് ടണ്ണിലധികം മാലിന്യം പൂർണ്ണമായും നീക്കം ചെയ്ത്, അവിടെ അത്യാധുനികമായ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന്റെ പണി പൂർത്തിയാക്കി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.
പ്രതിദിനം 150 ടൺ ജൈവമാലിന്യം സംസ്കരിച്ച് കംപ്രസ്ഡ് ബയോഗ്യാസും ഒപ്പം ജൈവ വളവും നിർമ്മിക്കാൻ ശേഷിയുള്ള പ്ലാന്റാണ് പ്രവർത്തനം ആരംഭിച്ചത്. സമാനമായ 6 പ്ലാന്റുകൾ കൂടി തുടർന്ന് യാഥാർത്ഥ്യമാകും. കേരളം എങ്ങനെ മാറി എന്നതിന്റെ മറ്റൊരു തെളിവ് കൂടിയാണിത്. സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ വേറൊരടയാളം കൂടി'. - അദ്ദേഹം വ്യക്തമാക്കുന്നു.