സൽക്കാരത്തിന് പേരുകേട്ടവരാണു കോഴിക്കോട്ടുകാര്‍. കോഴിക്കോടന്‍ വിഭവങ്ങള്‍ കേള്‍ക്കുമ്പോഴേക്കും വായില്‍ വെള്ളമൂറുന്നവരും നിരവധി. ഷൂട്ടിങ്ങിനെത്തി വയര്‍ നിറച്ച് പണം നൽകാതെ മുങ്ങിയ സിനിമക്കാരുടെ കഥയാണ് ഇപ്പോഴത്തെ അങ്ങാടിപ്പാട്ട്.

സിനിമക്കാര്‍ 'പണി' കൊടുത്തതോ?

പാലും, പഴവും, ചിക്കനും, തേങ്ങയുമടക്കം ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ വാങ്ങിയിട്ടു പണം തരാതെ സിനിമക്കാർ മുങ്ങിയതായാണു പരാതി. കോഴിക്കോട് വിലങ്ങാട് നടന്ന ആഷിഖ് അബു- ജോജു ജോർജ് സംഘത്തിൻ്റെ ‘അജസുന്ദരി’ സിനിമ പ്രവർത്തകർ ആണ് നാട്ടിന്‍പുറത്തെ കച്ചവടക്കാര്‍ക്കു ശരിക്കും പണികൊടുത്തത്.

ചിക്കൻകട നടത്തുന്ന വിലങ്ങാട് സ്വദേശി ബെന്നിക്കു സിനിമക്കാര്‍ക്ക് ഇറച്ചികൊടുത്ത വകയില്‍  ലക്ഷങ്ങളാണു കിട്ടാനുള്ളത്. കടയിലെ ചിക്കനും ബീഫും തികയാതെ വന്നതോടെ ബെന്നി കൈയ്യിൽ നിന്നു പണമെടുത്ത് മറ്റു കടയിൽ നിന്നും സാധനം വാങ്ങി ലൊക്കേഷനിലേക്ക് എത്തിച്ചിരുന്നു. പണം ഒന്നിച്ചു തരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ടീം പാക്ക് അപ്പ് പറഞ്ഞ് പോയി നാല് മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു അനക്കവുമില്ല. വൃക്ക രോഗി കൂടിയായ ബെന്നി പണത്തിനായി എവിടെ പോകുമെന്നറിയാതെ കുഴങ്ങുകയാണ്

ക്യാന്‍സര്‍ രോഗിയെയും പറ്റിച്ചു, കണ്ണില്‍ ചോരയില്ലാതെ... 

പച്ചക്കറിയും പലവ്യഞ്ജനവും കൊടുത്തവകയിൽ മനോജിനും കിട്ടാനുണ്ട് നല്ലൊരു തുക. ക്യാൻസർ രോഗബാധിതൻ കൂടിയായ മനോജ് ജീവിക്കാൻ മറ്റ് മാർഗങ്ങളില്ലാതെ വന്നതോടെ വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് കവലയിൽ കട ഇട്ടുനൽകിയത്. സിനിമ ടീം പറ്റിച്ചതോടെ വലിയ നഷ്ടമാണുണ്ടായത്. പാലും പാൽ ഉൽപ്പന്നങ്ങളും വാങ്ങിയതിൽ അപ്പച്ചനും, പച്ചക്കറി വാങ്ങിയ വകയിൽ വ്യാപാരിയായ തോമാച്ചാനും കിട്ടാനുണ്ട് പണം. 

ഷൂട്ടിങ് പൂർത്തിയാക്കി മടങ്ങുമ്പോൾ നായകനായ ജോജു ജോർജ് കടയിലേക്ക് എത്തിയിരുന്നു. പണം നൽകുമെന്ന് ഉറപ്പ് നൽകിയിട്ടാണ് പോയതെന്നും വ്യാപാരികൾ പറയുന്നു. എന്നാൽ ഇപ്പോൾ അണിയറപ്രവർത്തകരെ വിളിക്കുമ്പോൾ ഫോൺ എടുക്കുന്നില്ല. കയ്യിലെ പണം ചെലവാക്കി സാധനം വാങ്ങിയ വ്യാപാരികൾ കച്ചവടം പൂട്ടേണ്ട അവസ്ഥയിലാണ്. ഓരോ ദിവസത്തേക്കുള്ള അന്നത്തിനുള്ള വക കണ്ടെത്താൻ ബുദ്ധിമുട്ടുന്ന കച്ചവടക്കാരാണ് പ്രതിസന്ധിയിലായത്. നാട്ടിൽ അപൂർവ്വമായെത്തിയ ഷൂട്ടിങ് പ്രവർത്തകരെ വ്യാപാരികൾ കയ്യയച്ച് സഹായിക്കുകയായിരുന്നു എന്നാൽ ഇങ്ങനെയൊരു ചതി പിന്നിലുണ്ടെന്ന് ആരും അറിഞ്ഞിരുന്നില്ല… 

ENGLISH SUMMARY:

Malayala Manorama Online News reports on the financial fraud committed by the film crew of 'Ajnasundari' in Kozhikode. Local traders who supplied goods for the movie have been left unpaid, leading to significant losses and hardship for some, including those with serious health conditions.