താമരശേരി ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിന്‍റെ പ്രവർത്തനം ഇന്നും പുനരാംരംഭിച്ചില്ല. നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ് സംരക്ഷണം ഉറപ്പാക്കിയെങ്കിലും അറ്റകുറ്റപണികൾ പൂർണമായി പൂർത്തിയാക്കിയ ശേഷം തുറക്കാനാണ് നീക്കം. പ്ലാന്‍റ് തുറന്നാൽ സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി നേതാക്കളും അറിയിച്ചു.
ഫ്രഷ് കട്ട് തുറന്ന് പ്രവർത്തിക്കാൻ പൊലീസ് സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്നും പ്ലാന്‍റ് തുറന്നില്ല. കർശനമായ നിബന്ധനകളോടെ പ്രവർത്തനാനുമതി നൽകിയതിനാൽ അറ്റകുറ്റ പണികൾ പൂർണമായി പൂര്‍ത്തിയാക്കിയ ശേഷം തുറക്കാനാണ് ഉടമകളുടെ നീക്കം. പ്ലാന്‍റ് തുറക്കാൻ അറിയിപ്പ് ലഭിച്ചില്ലെന്ന് തൊഴിലാളികളും വ്യക്തമാക്കി.
പ്ലാന്‍റ് തുറന്നാൽ നിരോധനാജ്ഞ ഇല്ലാത്ത കൂടത്തായി അമ്പലമുക്കിൽ സമരം തുടരാനാണ് സമര സമിതിയുടെ തീരുമാനം. പൊലീസ് നടപടി കുറഞ്ഞെങ്കിലും കൂടത്തായി കരിമ്പലാക്കുന്ന് മേഖലകൾ ഇപ്പോഴും വിജനമാണ്. കടകളിൽ കച്ചവടവും ഇല്ല. ഫ്രഷ് കട്ടിന് 300 മീറ്റർ പരിധിയിലും അമ്പായത്തോട് ജംഗ്ഷനിൽ 100 മീറ്ററും ഫ്രഷ് കട്ടിലേക്കുള്ള 50 മീറ്റർ പരിധിയിലുമാണ് ഒരാഴ്ചത്തേക്ക് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.