കോളജ് - സർവകലാശാല യൂണിയൻ ഭാരവാഹികള്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹരെന്ന് കേരള സര്‍വകലാശാല വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്. അഞ്ചുശതമാനം വരെ ഗ്രേസ് മാര്‍ക്ക് ഇവര്‍ക്ക് നല്‍കാമെന്നും തിരഞ്ഞെടുക്കപ്പെട്ടതോ നോമിനേറ്റ് ചെയ്യപ്പെട്ടതോ ആയ യൂണിയൻ ഭാരവാഹികൾ ഗ്രേസ് മാര്‍ക്കിന് അര്‍ഹരാണെന്നും ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു. പദവിയും ചുമതലയും അനുസരിച്ച് ഗ്രേസ് മാർക്കിൽ മാറ്റം വരും. നാലു വർഷ ബിരുദ കോഴ്സിലെ കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകാനുള്ള മാനദണ്ഡങ്ങൾ പഠിച്ച പത്തംഗ സമിതി റിപ്പോര്‍ട്ട് നാളെ ചേരുന്ന സിന്‍ഡിക്കേറ്റ് പരിഗണിക്കും.
സ്‌റ്റാഫ് അഡ്വൈസറും സ്ഥാപനമേധാവിയും നൽകുന്ന സർട്ടിഫിക്കറ്റ് അടിസ്ഥാനമാക്കിയാവും ഗ്രേസ് മാർക്ക് നൽകുക. കലാകായിക പ്രവർത്തനങ്ങളിലെ മികവ്, എൻസിസി - എൻ. എസ് എസ് പ്രവർത്തനം എന്നിവക്കാണ് ഇതുവരെ ഗ്രേസ് മാർക്ക് നൽകിയിരുന്നത്. ഇനി അവയ്ക്കൊപ്പം യൂണിയൻ പ്രവർത്തനം അഥവാ വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനവും ഇടം പിടിക്കുന്നു എന്ന് ചുരുക്കം . സിൻഡിക്കേറ്റ് വിദഗ്ധ സമിതി ശുപാർശ അംഗീകരിച്ചാൽ കേരള സർവകലാശാലയിലെ വിദ്യാർഥി സംഘടനാ പ്രവർത്തകർക്ക് ഗ്രേസ് മാർക്ക് അനുവദിക്കും.