pinarayi-vijayan-file

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യംവെച്ച് മുഖ്യമന്ത്രി നടത്തിയ ജനപ്രിയ പ്രഖ്യാപനങ്ങള്‍ സര്‍ക്കാരിനുണ്ടാക്കുക വലിയ സാമ്പത്തിക ബാധ്യത. പ്രതിവര്‍ഷം പതിനായിരം കോടിയുടെ അധിക ബാധ്യതയുണ്ടാകുമന്നാണ് ധനവകുപ്പിന്‍റെ വിലയിരുത്തല്‍. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഇത്രയും വലിയ ബാധ്യത താങ്ങാന്‍ പദ്ധതി വിഹിതം വെട്ടിച്ചുരുക്കുക എന്ന പ്ലാന്‍ ബി തന്നെയായിരിക്കും ധനവകുപ്പ് സ്വീകരിക്കുക.

63 ലക്ഷം പേരാണ് സാമൂഹ്യ പെന്‍ഷന്‍റെ ഗണഭോക്താക്കള്‍. ഇവര്‍ക്ക് പ്രതിമാസം 400 രൂപ അധികം നല്‍കുമ്പോള്‍ മൂവായിരം രൂപയാണ് വര്‍ഷം അധികമായി വരിക. പുതുതായി പ്രഖ്യാപിച്ച 1000 രൂപ സ്ത്രീ സുരക്ഷ പെന്‍ഷന്‍ 31.34 ലക്ഷം സ്ത്രീകള്‍ക്ക് നല്‍കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതുവഴി 3800 കോടി രുപയുടെ അധിക ബാധ്യതയാണ് പ്രതിവര്‍ഷം സര്‍ക്കാരിനുണ്ടാവുക. അങ്ങനെ ഇന്നലെ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളെല്ലാം ചേര്‍ത്ത് പ്രതിവര്‍ഷം പതിനായിരം കോടി അധിക ബാധ്യതയുണ്ടാകും സര്‍ക്കാരിന്. ഇതെങ്ങനെ കണ്ടെത്തുമെന്നാണ് ചോദ്യം. പൂര്‍ണ അത്മവിശ്വാസമുണ്ടെന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്‍റെ  മറുപടി.

ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അതിനുള്ള വഴി മന്ത്രി വെളിപ്പെടുത്തുന്നില്ല. കടമെടുപ്പാണെങ്കില്‍, ഡിസംബര്‍ വരെ കടമെടക്കാന്‍ കഴിയുന്ന 29,529 കോടിയില്‍ 27,000 കോടിയും എടുത്ത് കഴിഞ്ഞു. അതിനാല്‍ കടമെടുത്ത് മാത്രം പദ്ധതികള്‍ നടപ്പാക്കാനാകില്ല. പിന്നെയുള്ളത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ക്ഷേമപെന്‍ഷന്‍ കുടിശികയും, ഡി.എ, ഡി.ആര്‍ കുടിശികയും കൊടുക്കാന്‍ ധനവകുപ്പ് പയറ്റിയ പ്ലാന്‍ ബിയാണ്. അതായത്, പദ്ധതി വിഹിതം വെട്ടിക്കുറച്ച് ആ തുക ജനപ്രിയ ക്ഷേമ പദ്ധതികള്‍ക്കായി വിനിയോഗിക്കുക. ആ മാര്‍ഗത്തിലേക്ക് തന്നെയായിരിക്കും ധനവകുപ്പ് കടക്കുക. 

ENGLISH SUMMARY:

The Chief Minister's recent announcements, including an increase in social security pensions and the new ₹1,000 Women's Safety Pension for 31.34 lakh beneficiaries, are estimated to impose an annual financial burden of ₹10,000 crore on the Kerala government. Facing severe fiscal stress and having nearly exhausted the permitted borrowing limit, the Finance Department is expected to resort to 'Plan B': cutting plan allocations to fund these welfare schemes.