File photo
ടി.പി കേസ് കുറ്റവാളികള്‍ക്കായി വീണ്ടും സര്‍ക്കാരിന്‍റെ രക്ഷാനീക്കം. അവധി ആനുകൂല്യം നല്‍കി വിട്ടയക്കുന്നതില്‍ സുരക്ഷാ പ്രശ്നമുണ്ടോയെന്ന് അന്വേഷിച്ച് ജയില്‍ മേധാവി സെന്‍ട്രല്‍ ജയിലുകളിലേക്ക് കത്ത് നല്‍കി. നടപടി സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരമെന്നും കത്തില്‍ പരാമര്‍ശം. കുറ്റവാളികള്‍ക്കൊപ്പമെന്ന് ഉറപ്പിക്കുന്ന നടപടിയെന്ന് കെ.കെ.രമയും നിയമവിരുദ്ധ നീക്കമെന്ന് സണ്ണി ജോസഫും കുറ്റപ്പെടുത്തി.
ടി.പി ചന്ദ്രശേഖരനെ 51 വെട്ടുവെട്ടിക്കൊന്നവര്‍ക്കൊപ്പമാണ് ഇപ്പോഴും സര്‍ക്കാരെന്ന് ആവര്‍ത്തിച്ച് തെളിയിക്കുന്നു. ശിക്ഷാ ഇളവും വിടുതലുമൊക്കെ നല്‍കി ജയിലിന് പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പലവട്ടം പാളിപ്പോയിട്ടും വീണ്ടും ദുരൂഹത ഉണര്‍ത്തുന്ന അതേ നീക്കം. 25നാണ് ജയില്‍ ആസ്ഥാനത്ത് നിന്ന് മുഴുവന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്കും കത്ത് നല്‍കിയത്. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്കായാണ് കത്ത്.
തലശേരി ഇരട്ടക്കൊലപാതക കേസില്‍ ഇവരെ കോടതി വെറുതേ വിട്ടു. അതിനാല്‍ ടി.പി കേസ് കുറ്റവാളികള്‍ കൂടിയായ ഇവര്‍ക്ക് അവധി ആനുകൂല്യം നല്‍കി വിടുതല്‍ ചെയ്താല്‍ സുരക്ഷാ പ്രശ്നമുണ്ടോയെന്നാണ് കത്തിലെ ചോദ്യം. വിടുതല്‍ നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരമാണ് കത്തെന്നും വ്യക്തമായി എഴുതിയിട്ടുണ്ട്.
എന്നാല്‍ വിവരശേഖരണത്തിനുള്ള സാധാരണ കത്തെന്നാണ് ജയില്‍ വകുപ്പിന്‍റെ വിശദീകരണം. പക്ഷെ ദുരൂഹതയുണര്‍ത്തുന്ന ചോദ്യങ്ങളേറെയാണ്. പരോളെന്നോ വിടുതലെന്നോ വ്യക്തമായി പറയാത്ത കത്തിന്‍റെ ലക്ഷ്യം യഥാര്‍ത്ഥ ലക്ഷ്യമെന്താണ്?. കത്തില്‍ പറഞ്ഞിരിക്കുന്ന മൂന്ന് പേര്‍ കണ്ണൂര്‍, തവനൂര്‍ ജയിലുകളിലാണ് കഴിയുന്നത്. എന്നാല്‍ ആറ് ജയില്‍ സൂപ്രണ്ടുമാര്‍ക്കും കത്തുണ്ട്. ടി.പി കേസിലെ എല്ലാ പ്രതികളെയും രക്ഷിക്കാനാണോ ഈ നീക്കം? പരോളെങ്കില്‍ ജയില്‍ ഉപദേശകസമിതിയാണ് തീരുമാനിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്. കൊടുംകുറ്റവാളികള്‍ക്കായി സര്‍ക്കാര്‍ ഇടപെട്ടത് എന്തുകൊണ്ടെന്നതും ചോദ്യമാണ്.