ഇടുക്കി അടിമാലിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിന് പിന്നാലെ ദുരന്തബാധിതരെ മച്ചിപ്ലാവിലെ ലൈഫ് മിഷൻ ഫ്ലാറ്റിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള സർക്കാർ നീക്കം പാളി. മഴപെയ്താൽ ചോർന്നൊലിക്കുന്ന ഫ്ലാറ്റിലേക്ക് മാറാൻ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ വിസമ്മതിച്ചു. ഇതോടെ വെട്ടിലായ സർക്കാർ ഫ്ലാറ്റിലേക്ക് ആരെയും മാറ്റാൻ തീരുമാനമെടുത്തിട്ടില്ലെന്ന് പറഞ്ഞ് തലയൂരി
അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത മഴപെയ്താൽ ചോർന്നൊലിക്കുന്ന ഈ ഫ്ലാറ്റിൽ നിന്ന് ഗുണഭോക്താക്കളിൽ ഭൂരിഭാഗം പേരും പടിയിറങ്ങി. ഇവിടേക്കാണ് ലക്ഷംവീട് ഉന്നതിയിലെ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ മന്ത്രി റോഷി അഗസ്റ്റിനടക്കമുള്ളവർ യോഗം കൂടി തീരുമാനിച്ചത്. എന്നാൽ ഇതിനെതിരെ പ്രതിഷേധം അണപ്പൊട്ടി.
മണ്ണിടിച്ചിലുണ്ടായത് വ്യാപക മണ്ണെടുപ്പ് മൂലമാണെന്നും ദുരന്തബാധിതരുടെ അഭിപ്രായം കേൾക്കാതെ തീരുമാനമെടുക്കില്ലെന്നും പറഞ്ഞ് ദേവികുളം എംഎൽഎ എ രാജ തടിതപ്പി. ദുരന്ത ഭൂമിയിലേക്ക് തിരികെ മടങ്ങിയാലും മച്ചിപ്ലാവിലെ ചോർന്നൊലിക്കുന്ന ഫ്ലാറ്റിലേക്ക് ഇല്ലെന്നാണ് ദുരന്തബാധിതരുടെ തീരുമാനം. പുനരധിവാസത്തിന്‍റെ കാര്യത്തിൽ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.