ഇടതുമുന്നണിയിൽ ശക്തമായ ഭിന്നതയ്ക്ക് വഴിവെച്ച പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ അനുനയ നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് രംഗത്ത്. പദ്ധതിയുടെ നടപടിക്രമങ്ങൾ വൈകിപ്പിക്കുമെന്നും തുടർ തീരുമാനങ്ങൾ ചർച്ചകൾക്കുശേഷം മാത്രമേ എടുക്കൂ എന്നും മുഖ്യമന്ത്രി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ അറിയിച്ചു.

സി.പി.ഐയുടെ നിർണായക നിർവാഹക സമിതി യോഗം ആലപ്പുഴയിൽ ആരംഭിച്ചതിന് പിന്നാലെയാണ് പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെട്ടത്. ഉച്ചയ്ക്ക് ശേഷം 3.30ന് ആലപ്പുഴയിൽ വെച്ച് മുഖ്യമന്ത്രി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തും. സി.പി.എം. സെക്രട്ടേറിയറ്റ് യോഗത്തിൽ വെച്ച് സി.പി.ഐയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും ധാരണയിലെത്തുമെന്നും മുഖ്യമന്ത്രി വിശദീകരണം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സെക്രട്ടേറിയറ്റ് യോഗത്തിനിടെ മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ വീണ്ടും വിളിച്ച് ഉറപ്പുകൾ നൽകിയത്.

പി.എം. ശ്രീ പദ്ധതിയുടെ തുടർനടപടിക്രമങ്ങൾ തൽക്കാലം വൈകിപ്പിക്കും.  കേന്ദ്ര ഫണ്ട് വാങ്ങുന്നതിലോ പദ്ധതി നടപ്പാക്കുന്നതിലോ ഒരു തരത്തിലുള്ള തിടുക്കവും കാണിക്കില്ല. പദ്ധതി എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തിൽ മുന്നണിയിലും പാർട്ടികളിലും വിശദമായ ചർച്ചകൾ നടത്തിയ ശേഷം മാത്രം തീരുമാനം എടുക്കും. പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളുടെ പട്ടിക ഉടൻ കേന്ദ്രത്തിന് കൈമാറില്ല. ഈ ഉറപ്പുകൾ ചർച്ചയ്ക്കു ശേഷം മാത്രം തുടർനീക്കമെന്ന സി.പി.ഐയുടെ ആവശ്യത്തിന് പച്ചക്കൊടി നൽകുന്നതാണ്.

മുഖ്യമന്ത്രിയുമായി ഉച്ചയ്ക്ക് ചർച്ചയുണ്ടെന്ന കാര്യം ബിനോയ് വിശ്വം സ്ഥിരീകരിച്ചിട്ടുണ്ട്. സി.പി.ഐയുടെ നിർവാഹക സമിതി യോഗം ആലപ്പുഴയിൽ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി നേരിട്ട് ചർച്ചയ്ക്ക് തയ്യാറായതോടെ, യോഗം വിഷയത്തിൽ അടിയന്തിര തീരുമാനമെടുക്കുമോ അതോ മുഖ്യമന്ത്രിയുമായുള്ള ചർച്ചയുടെ ഫലത്തിനായി കാത്തിരിക്കുമോ എന്ന ആകാംഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.

ENGLISH SUMMARY:

PM Shri Scheme controversy in Kerala has led to Chief Minister Pinarayi Vijayan initiating reconciliation efforts. He has assured CPI State Secretary Binoy Viswam that the scheme's procedures will be delayed and further decisions will be taken only after discussions.