തിരുവനന്തപുരം വെളളനാട് സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി അനിൽകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിപിഎം നേതാവ് വെളളനാട് ശശിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ലോണ്‍ നല്‍കിയെന്നും തിരിച്ചടക്കാത്തത് പ്രതിസന്ധിയായെന്നും കുടുംബം ആരോപിച്ചു. ബാങ്കിൽ സാമ്പത്തിക തിരിമറി നടത്തിയ കേസിൽ കഴിഞ്ഞ ഒന്നരവർഷമായി സസ്പെൻഷനിലായിരുന്നു അനിൽകുമാർ.

വെള്ളനാട് വെള്ളൂർകോണത്തെ വീടിന്‍റെ പിന്‍വശത്തെ പ്ലാവിൽ ഇന്ന് പുലർച്ചയാണ് അനിൽകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്കിൽ സാമ്പത്തിക തിരിമറി നടത്തിയതിന്‍റെ പേരിൽ സസ്പെന്‍ഷനിലായ അനിൽകുമാറിനെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് മരണം. ബാങ്ക് ചട്ടങ്ങൾക്ക് വിരുദ്ധമായി ലോൺ എടുക്കുകയും ആ പണം സ്വകാര്യ  ആവശ്യങ്ങൾക്ക്  ഉപയോഗിക്കുകയും ചെയ്തു എന്ന ആരോപണമാണ് അനില്‍കുമാറിനെതിരെ ഉയര്‍ന്നത്. 

കോൺഗ്രസ് നേതാവായിരുന്ന വെള്ളനാട് ശശി ബാങ്ക് പ്രസിഡന്‍റായിരുന്ന കാലത്താണ് അനിൽകുമാറിനെ ബാങ്കിൽ നിയമിച്ചത്. പിന്നീട് ശശി കോൺഗ്രസ് വിട്ട് സിപിഎമ്മിൽ എത്തി. ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലുമായി. ശശി പറഞ്ഞിട്ട് ലോണ്‍ നല്കിയെന്നും പ്രതിസന്ധിയിലായപ്പോള്‍ കൈവിട്ടെന്നും കുടുംബം ആരോപിച്ചു. അനില്‍കുമാറിന്‍റെ മരണത്തില്‍ കോണ്‍ഗ്രസിനാണ് പൂര്‍ണ ഉത്തരവാദിത്തമെന്ന് സിപിഎം ആരോപിക്കുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത ആര്യനാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Anil Kumar (57), the suspended Secretary In-Charge of the Vellanad Service Co-operative Bank in Velloorpara, died by suicide today. He had been suspended for over a year and a half following allegations of financial irregularities amounting to over ₹1.5 crore, with an ongoing investigation into the scam.