ശബരിമല സ്വർണക്കൊള്ളക്കേസില്‍ നിര്‍ണായക നീക്കവുമായി പ്രത്യേക അന്വേഷണം സംഘം. എസ്ഐടി നടന്‍ ജയറാമിന്റെ മൊഴിയെടുത്തു. ചെന്നൈയിലെ വീട്ടില്‍വച്ചായിരുന്നു മൊഴിയെടുത്തത്. ശബരിമലയിൽ വച്ചാണ് ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധം തുടങ്ങിയതെന്നും പോറ്റി വീട്ടില്‍ പൂജകള്‍ക്കായി എത്തിയിട്ടുണ്ടെന്നും ജയറാം മൊഴിനല്‍കി.
തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും ജയറാം മൊഴി നല്‍കി. കട്ടിളപാളി സ്മാർട്ട് ക്രിയേഷനിൽ പൂജിച്ചപ്പോഴും പോറ്റിവിളിച്ചപ്പോൾ പങ്കെടുത്തിരുന്നു. വാതിൽപാളികൾ കോട്ടയം ഇളംപ്പള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തു. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ജയറാമിനെ സാക്ഷിയാക്കും. സ്വര്‍ണവ്യാപാരി ഗോവര്‍ധനെ പരിചയമുണ്ടെന്നും ജയറാം അന്വേഷണ സംഘത്തോട് പറഞ്ഞു.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ കുറ്റപത്രം നല്‍കുന്നതിന് മുന്നോടിയായുള്ള പ്രോസിക്യൂഷന്‍ അനുമതി പോലും തേടാതെ അന്വേഷണസംഘം. അറസ്റ്റിലായ 12ല്‍ 9 പ്രതികള്‍ക്കുമെതിരെ കുറ്റപത്രം നല്‍കണമെങ്കില്‍ സര്‍ക്കാരിന്‍റെ അനുമതി വേണം. കുറ്റപത്രം നടപടികള്‍ വൈകുന്നതോടെ ജാമ്യാപേക്ഷയുമായി കൂടുതല്‍ പ്രതികള്‍ കോടതിയെ സമീപിച്ചു. എന്‍.വാസു ഉള്‍പ്പടെ നാല് പ്രതികള്‍ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങാനും സാധ്യത തെളിഞ്ഞു.