ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികളുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ജയറാം. സത്യം തെളിയെട്ടെയെന്നും ഇങ്ങനൊക്കെയാകുമെന്ന് കരുതിയില്ലെന്നും ജയറാം മനോരമ ന്യൂസിനോടു പറഞ്ഞു. പൂജയ്ക്ക് വിളിച്ചപ്പോള്‍ പോകുകമാത്രമാണ് ചെയ്തത്. അയ്യപ്പന്റെ ഒരുരൂപപോലും തൊട്ടാല്‍ അനുഭവിക്കേണ്ടിവരുമെന്നും തെറ്റ് ചെയ്തവര്‍ പിടിക്കപ്പെടണമെന്നും താരം കൂട്ടിച്ചേര്‍ത്തു.
Also Read: ശബരിമല സ്വർണ്ണക്കൊള്ള; ദേവസ്വം ബോര്‍ഡിനെതിരെ പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം.
അതേസമയം, സ്വർണ്ണപ്പാളികൾ രേഖകളിൽ ചെമ്പായി മാറിയതിന്റെ ഉത്തരവാദിത്തം മുൻ ഭരണസമിതിയുടെ മേൽ കെട്ടിവക്കുകയാണ് നിലവിലെ ദേവസ്വംബോർഡ്. എ.പത്മകുമാറിന്റെ കാലത്താണ് വീഴ്ചകൾ ഉണ്ടായതെന്നാണ് നിലവിലെ പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ വാദം. സ്വർണ്ണപ്പാളികളുടെ ചെന്നൈയിലെ വാറന്റി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പേരിലാണെന്ന് ദേവസ്വം ബോർഡ് സമ്മതിച്ചു. ഇത് അവസാനിപ്പിക്കാനും ബോർഡ് പിന്നീട് തീരുമാനിച്ചു.
ശബരിമലയിലെ സ്വർണ്ണപ്പാളി ചെമ്പ് ആയി മാറിയ ജാലവിദ്യ കേരളം ഞെട്ടലോടെ കാണുമ്പോൾ ഉത്തരവാദിത്തം 2019ലെ ഭരണസമിതിയുടെ തലയിൽ കെട്ടിവച്ചു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. സി.പി.എം നേതാവ് എ.പത്മകുമാർ ദേവസ്വം ബോർഡ് അധ്യക്ഷനായിരിക്കെ തിരിമറി നടന്നിട്ടുണ്ടെന്ന് സമ്മതിച്ച പ്രശാന്ത്, എല്ലാം അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന് പറഞ്ഞു.
കഴിഞ്ഞമാസം സ്വർണ്ണപ്പാളി ചെന്നൈയിൽ അറ്റക്കുറ്റപ്പണിക്ക് കൊണ്ടുപോയപ്പോൾ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഒപ്പം കൂട്ടേണ്ടിവന്നത് സ്മാർട്ട് ക്രിയേഷൻസിലെ വാറന്റി അദ്ദേഹത്തിന്റെ പേരിലായതിനാലാണെന്ന് പ്രശാന്ത് പറഞ്ഞു. തട്ടിപ്പ് നാണക്കേടായതോടെ ഇനി ഇടനിലക്കാരൻ ഇല്ലാതെ നേരിട്ട് ഇടപാടുകൾ നടത്താനാണ് തീരുമാനം. അതേസമയം, നിലവിലെ ഭരണസമിതിയും സ്പെഷ്യൽ കമ്മിഷണറെ അറിയിക്കാതെയാണ് സ്വർണ്ണപ്പാഴി ചെന്നൈയിൽ കൊണ്ടുപോയതെന്ന ചോദ്യത്തിന് അതിൽ വീഴ്ച പറ്റിപ്പോയെന്ന് സമ്മതിച്ച പ്രശാന്ത് മാധ്യമപ്രവർത്തകരോട് രോഷാകുലനായി ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടി.
തൽക്കാലം ദേവസ്വം വിജിലൻസ് അന്വേഷണം തുടരുമെങ്കിലും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അടുത്താഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. അതോടെ അന്വേഷണം പ്രത്യേക സംഘത്തിന്റെയോ ക്രൈബ്രാഞ്ചിന്റെയോ മേൽനോട്ടത്തിലാകും.
ദ്വാരപാലക ശില്‍പ്പങ്ങള്‍ സ്വര്‍ണത്തില്‍ പൊതിഞ്ഞിരുന്നുവെന്ന് തെളിഞ്ഞതോടെ പ്രതിക്കൂട്ടിലായിരിക്കുയാണ് ദേവസ്വം ബോര്‍ഡ്. ചെമ്പെന്ന് പറഞ്ഞത് താനല്ല, ദേവസ്വം രേഖകളാണെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയും പറഞ്ഞു. സ്വര്‍ണം പൂശാനായി എത്തിച്ചത് ചെമ്പാണെന്ന് ചെന്നൈയിലെ കമ്പനി ഉടമ പങ്കജ് പണ്ടാരി മനോരമ ന്യൂസിനോട് പറഞ്ഞു. ഇതോടെ സ്വര്‍ണപാളി ബെംഗളൂരുവിലെത്തിച്ച് മാറ്റിയെന്നും യഥാര്‍ത്ഥ പാളി വ്യവസായിയായ വിനീത് ജയിനിന്‍റെ കൈവശം ഉണ്ടാകാമെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.
ദ്വാരപാലക ശില്‍പ്പങ്ങള്‍ 2019 മാര്‍ച്ച് വരെ സ്വര്‍ണമായിരുന്നൂവെന്ന് ഉറപ്പായി. എന്നാല്‍ ഈ സ്വര്‍ണം ചെമ്പെന്ന് ആദ്യമായി പറയുന്നത് 2019 ജൂലായ് 5ന് ദേവസ്വം ബോര്‍ഡ് ഇറക്കിയ ഉത്തരവിലാണ്. ഇതിന് പിന്നാലെയാണ് മഹസറിലും ചെമ്പ് പാളി വന്നത്. ഈ രേഖ ആയുധമാക്കിയാണ് ചെമ്പെന്ന വാദം ഉണ്ണികൃഷ്ണന്‍ പോറ്റിയും ഉന്നയിക്കുന്നത്.
ദേവസ്വം രേഖയാണ് തെളിവെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞതോടെ സ്വര്‍ണത്തെ ചെമ്പാക്കിയത് പത്മകുമാര്‍ അധ്യക്ഷനായ ദേവസ്വം ബോര്‍ഡെന്നാണ് തെളിവുകളെല്ലാം സാക്ഷ്യപ്പെടുത്തുന്നത്. ഇങ്ങിനെ സര്‍ക്കാര്‍ ചെമ്പെന്ന് എഴുതി നല്‍കിയ രേഖയുടെ അടിസ്ഥാനത്തില്‍ ചെമ്പെന്ന പേരില്‍ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി നേരെ കൊണ്ടുപോയത് ബെംഗളൂരുവിലേക്കാണ്. അവിടെ വെച്ച് ആ പാളി ബെംഗളൂരുവിലെ വ്യവസായി വനീത് ജയിന് കൈമാറിയെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. വിനീത് ജയിന്‍ ഹൈദരാബാദില്‍ നിന്നെത്തിച്ച പകരമുള്ള ചെമ്പ് പാളിയാണ് ചെന്നൈയിലെ സ്വര്‍ണം പൂശല്‍ സ്ഥാപനത്തിലെത്തിച്ചതെന്നും സംശയിക്കുന്നു. ഇതിലേക്ക് വിരല്‍ചൂണ്ടുന്നതാണ് സ്വര്‍ണം പൂശിയ സ്മാര്‍ട് ക്രീയേഷന്‍സിന്‍റെ സി.ഇ.ഒ മനോരമ ന്യൂസിനോട് നടത്തിയ വെളിപ്പെടുത്തല്‍.
സ്വര്‍ണത്തെ ചെമ്പാക്കി മാറ്റിയതും അത് തോന്നുംപടി കൊണ്ടുപോകാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വഴിയൊരുക്കിയതും ദേവസ്വം ബോര്‍ഡാണെന്ന് തെളിയുന്നു. ഇതോടെ സര്‍ക്കാരും പ്രതിക്കൂട്ടിലാവുകയാണ്.