അതിദാരിദ്ര്യ വിമുക്ത കേരളം പരിപാടിയില്‍ പങ്കെടുക്കരുതെന്ന് അഭ്യര്‍ഥിച്ച് സൂപ്പര്‍ താരങ്ങള്‍ക്ക് കത്തയച്ച് ആശാ വര്‍ക്കര്‍മാര്‍. മമ്മൂട്ടിക്കും മോഹന്‍ലാലിനും കമല്‍ഹാസനുമാണ് സമരം നടത്തുന്ന ആശമാര്‍ കത്തയച്ചത്. സമരം നടത്തുന്ന ആശമാരുമായി എട്ടു മാസത്തോളമായി ചര്‍ച്ച ചെയ്തിട്ടും ഗുണകരമാകുന്ന കാര്യങ്ങൾ ഒന്നും സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് കത്തയച്ചുള്ള അഭ്യര്‍ഥന. തിരഞ്ഞെടുപ്പിന് മുമ്പ് നടത്തുന്ന സർക്കാർ നടത്തുന്ന ഏറ്റവും വിപുലമായിട്ടുള്ള പരിപാടിയാണ് അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനം. ഇതിലേക്ക് നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, കമൽ ഹാസൻ തുടങ്ങിയ ഒരുപാട് പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്.
സ്നേഹധനരായ കലാകാരന്മാരെ എന്ന് തുടങ്ങുന്ന ഒരു കത്താണ് അയച്ചത്. കഴിഞ്ഞ എട്ടര മാസമായി ആശാപ്രവർത്തകർ സെക്രട്ടറിയേറ്റ് മുന്നിലെ സമരങ്ങളും ബുദ്ധിമുട്ടുകളും വിവരിക്കുന്നുണ്ട്. '233 രൂപ എന്ന തുച്ഛമായ തുകയാണ് വേതനം. ജോലി ചെയ്യാൻ ഏറ്റവും കുറഞ്ഞത് 100 രൂപ എങ്കിലും ചെലവഴിക്കേണ്ടി വരും. പിന്നെ എന്തു ബാക്കിയുണ്ട്. സംസ്ഥാനത്ത് ഇത്രയും തുച്ഛമായ തുകയ്ക്ക് ജോലി ചെയ്യുന്ന ആശാപ്രവർത്തകരെ കഴിഞ്ഞ ഫെബ്രുവരി 10 മുതൽ സമരരംഗത്തേക്ക് തള്ളിവിട്ടിരിക്കുന്ന സർക്കാരിന് അതിദാരിദ്ര്യവിമുക്ത പ്രഖ്യാപനം നടത്താനുള്ള ഒരു തരത്തിലുള്ള അവകാശവും ഇല്ല' എന്നും ആശാപ്രവർത്തകർ പറയുന്നു.
അതുകൊണ്ട് നവംബർ ഒന്നിന് നടക്കുന്ന ചടങ്ങിൽ നിന്ന് വിട്ടു നീക്കണമെന്നും ആശാപ്രവർത്തകരെ കാണാൻ വരണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഈ പരിപാടിയിൽ പങ്കെടുത്താൽ നുണപ്രചാരകർ ആയിട്ട് മാറുംമെന്നും കത്തിലുണ്ട്. തുറന്ന കത്ത് എഴുതിയതിനു പിന്നാലെ ഈ കത്ത് നടന്മാരുടെ ഇമെയിൽ വിലാസത്തിനും അയച്ചിട്ടുണ്ട്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് വി.കെ. സദാനന്ദൻ, കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു എന്നിവരുടെ പേരിലാണ് കത്ത്.