പി.എം.ശ്രീ നടപ്പിലാകുന്നതോടെ സംസ്ഥാനത്തെ എല്ലാ ബ്ലോക്കിലും രണ്ടു സ്കൂളുകൾ കേന്ദ്ര പദ്ധതിക്ക് കീഴിൽ വരും. സംസ്ഥാനം കേന്ദ്രത്തിന് മുന്നിൽ മുട്ടുമടക്കിയതോടെ 1,400 കോടി ഫണ്ട് കുടിശ്ശികയും തവണകളായെങ്കിലും വിദ്യാഭ്യാസ വകുപ്പിന് ലഭിക്കും. എന്നാൽ ദേശീയ വിദ്യാഭ്യാസ നയം പലവിധത്തിൽ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ പിടിമുറുക്കാനും ഇതോടെ വഴിയൊരുങ്ങും.

Also Read: പി.എം.ശ്രീ പദ്ധതി; ഒപ്പുവച്ചത് മുന്നണി മര്യാദകളുടെ ലംഘനമെന്ന് സി.പി.ഐ

ഒരു സ്കൂളിന് ഒരു കോടി രൂപയുടെ ധനസഹായം , സ്കൂളുകൾക്ക് മുന്നിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയ ബോർഡ് , സെൽഫി പോയിന്‍റ് ഇതെല്ലാം പി.എം ശ്രീ പുറംകാഴ്ചയിൽ വരുത്തുന്ന മാറ്റങ്ങൾ. എന്നാൽ പദ്ധതിയിലെ കാണാചരടുകൾ വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചക്ക് വഴിവെക്കും. എന്‍.സി.ഇ.ആര്‍.ടിയുടെ പാഠ ഭാഗങ്ങൾ പി.എം ശ്രീക്ക് ഒപ്പം വരാൻ ഇടയുണ്ട്. പൊതു വിദ്യാലയങ്ങൾ പി.എം ശ്രീ സ്കൂളുകൾ അങ്ങനെയല്ലാത്തവ എന്ന് രണ്ടു തട്ടിലുമാകും.

ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുകയാണ് പി.എം ശ്രീയുടെ പ്രഖ്യാപിതലക്ഷ്യങ്ങളിൽ പ്രധാന ഇനം. സംസ്ഥാനസർക്കാരിന്‍റെ നയങ്ങൾക്കും മതനിരപേക്ഷ കാഴ്ചപ്പാടിനും ഒപ്പം പോകുന്നതല്ല കേന്ദ്രത്തിന്‍റെ വിദ്യാഭ്യാസ നയവും ചട്ടക്കൂടും. ആര്‍.എസ്.എസിന്‍റെ ഹിന്ദുത്വ നിലപാടുകളാണ് ദേശീയ വിദ്യാഭ്യാസ നയത്തിലാകെ എന്നാണ് സി. പി എമ്മും ഇടത് പക്ഷവും നിരന്തരം പറയുന്നത്. എന്നാൽ പി എം ശ്രീ നടപ്പാകുന്നതോടെ ദേശീയ വിദ്യാഭ്യാസ നയവും ചട്ടക്കൂടും കേരളം അംഗീകരിക്കുന്നതിന് തുല്യമാകും. 

ചരിത്രം പോലുള്ള പാഠ്യവിഷയങ്ങളിൽ ഇത് വലിയ ചോദ്യങ്ങൾ ഉയർത്തും. രാഷ്ട്രീയ നയം ബലി കഴിച്ച് പി.എം ശ്രീ നടപ്പാക്കുമ്പോൾ എന്തെല്ലാം വിട്ടു വീഴ്ച ചെയ്തു എന്ന് എം.ഒ.യു പുറത്തു വരുമ്പോഴെ വ്യക്തമായ ചിത്രം ലഭിക്കുകയുള്ളൂ. പി.എം ശ്രീസ്കൂളുകൾക്ക് ഒരു കോടി വീതം ലഭിക്കുന്നതിനൊപ്പം കേന്ദ്രം പിടിച്ചു വെച്ചിരിക്കുന്ന കേരളത്തിന് അർഹതപ്പെട്ട 1400 കോടി രൂപയുടെ ധനസഹായവും തവണകളായെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷ. 

നയത്തിൽ കടിച്ചു തൂങ്ങിയാൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാവില്ലെന്ന് പറയാതെ പറയുകയാണ് സർക്കാർ. ബിജെപിയുടെ അഭിനന്ദനവും പ്രതിപക്ഷത്തിന്‍റെ വിമർശനവും ഏറ്റു വാങ്ങേണ്ടിയും വരും. എല്ലാത്തിനും അപ്പുറം കേരളത്തിന്‍റെ സ്കൂളുകളിലേക്കും പാഠ്യ പദ്ധതിയിലേക്കും നേരിട്ട് ഇടപെടാൻ കേന്ദ്ര സർക്കാരിന് പി.എം ശ്രീ വഴി തുറക്കുകയും ചെയ്യും.

ENGLISH SUMMARY:

PM Shri Schools implementation in Kerala will bring significant changes to the state's education sector. This scheme might lead to increased central government influence and potential shifts in curriculum, sparking political debates and impacting the autonomy of Kerala's educational policies.