മദ്യ ഉപഭോഗം കുറയ്ക്കുന്നതാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് ആവര്‍ത്തിക്കുമ്പോഴും മദ്യം സുലഭമാക്കാനുള്ള വഴിതുറക്കുന്നുവെന്ന സൂചനയുമായി എക്സൈസ് മന്ത്രി എം.ബി.രാജേഷ്. വര്‍ഷം തോറുമുള്ള മദ്യനയത്തിന് പകരം അഞ്ച് വര്‍ഷത്തേക്കുള്ള നയം രൂപീകരിക്കുന്നത് സര്‍ക്കാരിന്‍റെ പരിഗണനയിലെന്നാണ് മന്ത്രി പറയുന്നത്. ദീര്‍ഘകാല മദ്യനയം ഇല്ലാത്തതിനാല്‍ വ്യവസായികള്‍ കേരളത്തില്‍ വരാന്‍ മടിക്കുന്നുവെന്ന് മന്ത്രിയുടെ ന്യായം. മദ്യോല്‍പ്പാദനം കൂട്ടണമെന്ന മന്ത്രി എം.ബി.രാജേഷിന്‍റെ പ്രഖ്യാപനം അപക്വവും ധാര്‍ഷ്ട്യം നിറഞ്ഞതുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി.
സ്റ്റാര്‍ പദവി നോക്കാതെ ബാറുകള്‍ തുറന്നും, ബെവ്കോയുടെ കൂടുതല്‍ വില്‍പന കേന്ദ്രങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ അനുവദിച്ചും സര്‍ക്കാര്‍ മദ്യപന്മാര്‍ക്ക് വേണ്ടത്ര കരുതലൊരുക്കി. പ്രതിഷേധങ്ങളൊന്നും സര്‍ക്കാരിനെ ബാധിക്കാതിരിക്കുന്ന ഘട്ടത്തില്‍ വര്‍ഷം തോറും പുതുക്കുന്ന മദ്യനയത്തിലായിരുന്നു ആകാംഷ. അതുവഴിയുള്ള തുറന്ന ചര്‍ച്ചയുടെ അവസരവും ഒഴിയുകയാണ്. മദ്യ വ്യവസായികളുടെ ക്ഷേമം മുന്‍നിര്‍ത്തി വര്‍ഷം തോറും പുതുക്കുന്നതിന് പകരം അഞ്ച് വര്‍ഷത്തേക്കുള്ള മദ്യനയ രൂപീകരണമാണ് സര്‍ക്കാരിന്‍റെ പരിഗണനയിലുള്ളതെന്ന് എക്സൈസ് മന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.
കേരളത്തിൽ മദ്യ നിർമാണം വർധിപ്പിക്കണം, തദ്ദേശീയമായ മദ്യ ഉൽപാദനം കൂട്ടുമെന്നുംസ്പിരിറ്റ് ഉൽപാദനം തുടങ്ങണമെന്നും മന്ത്രിയുടെ വികസന വഴിയിലേക്കെത്തുന്ന സന്ദേശം. മദ്യമൊഴുക്കാനുള്ള സര്‍ക്കാര്‍ നീക്കമെന്നാണ് കെസിബിസി മദ്യവിരുദ്ധ സമിതിയുടെ വിമര്‍ശനം. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണമെന്ന ചിന്ത' സര്‍ക്കാരും അബ്കാരികളും വെടിയണം. തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായവുമാകുന്ന നയരൂപീകരണമാണ് മന്ത്രി ലക്ഷ്യമിടുന്നതെങ്കില്‍ മദ്യത്തിന്‍റെ ദുരിതവുമനുഭവിക്കുന്നവരുടെ അഭിപ്രായം കൂടി കേൾക്കണം. പാലക്കാട്ടെ ബ്രൂവറി സര്‍ക്കാരിന്‍റെ വ്യാമോഹം മാത്രമാണ്. മദ്യനയത്തില്‍ ഒരുഘട്ടത്തിലും പൊതുജനത്തോട് കൂറു പുലര്‍ത്താത്ത സര്‍ക്കാരാണ് ഇടതു സര്‍ക്കാർ. തിരഞ്ഞെടുപ്പിന് മുമ്പ് മദ്യനിരോധനം പറയുകയും, കഴിയുമ്പോള്‍ വര്‍ജനം പറയുകയും ചെയ്യുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കെസിബിസി മദ്യവിരുദ്ധ സമിതി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കാലമായിട്ടും മന്ത്രി ഉറച്ച സ്വരത്തില്‍ മദ്യനയത്തിലെ വ്യതിയാനം പറയുമ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചുറപ്പിച്ചതെന്നാണ് തെളിയുന്നത്.