സമുദായത്തോടും സമൂഹത്തോടും രാഷ്ട്രീയ കക്ഷികൾ കാണിക്കുന്ന അനീതി തിരിച്ചറിയാനും തിരിച്ചു കുത്താനും കത്തോലിക്ക സഭയ്ക്ക് അറിയാമെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിൽ സർക്കാർ വിവേചനപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാർ ജോസഫ് പുളിക്കലും കുറ്റപ്പെടുത്തി. കോട്ടയം ജില്ലയിലെ വിവിധയിടങ്ങളിൽ കത്തോലിക്കാ കോൺഗ്രസിന്‍റെ അവകാശ സംരക്ഷണ യാത്രയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
സമുദായത്തോടുള്ള അവഗണനയ്ക്ക് മറുപടി നൽകാനുളള ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ പരീക്ഷണ ശാലയാണ് അടുത്തു വരുന്നതെന്ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ചൂണ്ടിക്കാട്ടി. ഒരു രാഷ്ട്രീയ കക്ഷിക്കും വോട്ടുചെയ്യണമെന്ന് സമ്മർദം ചെലുത്തുന്ന പതിവ് സഭയ്ക്ക് ഇല്ല. എന്നാൽ മറ്റുള്ളവർക്ക് കൊടുത്തിട്ട് തങ്ങളെ പരിഗണിക്കാത്ത രാഷ്ട്രീയ പാർട്ടികളെ തിരിച്ചറിയാനുയാനുള്ള ബുദ്ധി കത്തോലിക്കർക്ക് ഉണ്ടെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു.
എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ എൻഎസ്എസിന് ലഭിച്ച അനുകൂലവിധി എല്ലാവർക്കും ബാധകമാണന്ന് പകൽ പോലെ വ്യക്തമായിട്ടും അതിനെ തമസ്ക്കരിക്കാൻ ശ്രമിക്കുന്നത് ആർക്ക് വേണ്ടിയാണന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാർ ജോസ് പുളിക്കൽ ചോദിച്ചു. ഇടപെടുന്നു എന്ന് വരുത്തി വച്ചിട്ട് കാര്യമില്ല. വിവേചനപരമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്‍റ് രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് കോട്ടയം ജില്ലയിലെ വിവിധയിടങ്ങളിൽ സ്വീകരണം നൽകി.