ശബരിമല സ്വർണക്കൊള്ളയിലും, ഗൂഢാലോചനയിലും ദേവസ്വം ബോർഡ് അധികൃതരുടേയും പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി. 2019ലെ സ്വർണക്കൊള്ള മറച്ചു വയ്ക്കുന്നതിന്റെ ഭാഗമായാണോ ഇത്തവണ ദ്വാരപാലക ശിൽപ്പങ്ങൾ  ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയത് എന്ന കാര്യവും എസ്ഐടി അന്വേഷിക്കണം. തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന്റെ മിനിറ്റ്സ് ബുക്ക് പിടിച്ചെടുത്ത് സൂക്ഷിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയതിൽ നിലവിലെ ദേവസ്വം ബോർഡിനെതിരെയും ഹൈക്കോടതി വിമർശനം ഉന്നയിച്ചു.

2019 ൽ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ വിട്ടുകൊടുത്തതു മുതലുള്ള എല്ലാ കാര്യങ്ങളിലേയും വിശാലമായ ക്രിമിനൽ ഗൂഡാലോചന അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണസംഘത്തിന് ഹൈക്കോടതിയുടെ നിർദേശം. പ്രത്യേക സംഘത്തിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് പരിശോധിച്ച കോടതി നിർണായക വിവരങ്ങളാണ് ചൂണ്ടിക്കാട്ടിയത്. ദ്വാരപാലക ശിൽപ്പങ്ങളുടേത് സ്വർണ്ണം പൊതിഞ്ഞ പാളികളാണ് എന്നറിഞ്ഞിട്ടും ചെമ്പുപാളികൾ എന്ന് രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കുകയാണ് ചെയ്തത്. എന്നാൽ തിരിച്ചെത്തിച്ച വസ്തുവകകളുടെ തൂക്കം രേഖപ്പെടുത്തിയിട്ടില്ല. സന്നിധാനത്ത് നിന്ന് കൊണ്ടുപോയ പാളികൾ തന്നെയാണോ തിരികെ കൊണ്ടുവന്നത് എന്നതിൽ ബലമായ സംശയമുണ്ട്. ഇവ തിരികെ ഘടിപ്പിക്കുന്ന സമയത്ത് തൂക്കം നോക്കാത്തതിലും, അത് മഹസറിൽ രേഖപ്പെടുത്താതിലും ഉന്നതരായ ദേവസ്വം അധികൃതർക്ക് ഉള്‍പ്പെടെയുള്ളവർക്ക് ഉത്തരവാദിത്തമുണ്ട്. 

40 കൊല്ലം വാറന്റിയുണ്ടെന്ന് പറഞ്ഞിട്ടും 2024ൽ ഗോൾഡ് പ്ലേറ്റിങ്ങിൽ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ 2019ലെ ക്രമക്കേട് മറച്ചു വയ്ക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കാം 2025ൽ ഇതേ പാളികൾ രഹസ്യമായി ഉണ്ണികൃഷ്ണൻ പോറ്റിയെ തന്നെ ഏൽപ്പിക്കാൻ ദേവസ്വം ബോർഡ് അധികൃതർ തീരുമാനിച്ചത്. 2025ൽ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണം പൂശുന്നതിൽ സ്മാർട് ക്രിയേഷൻസിന് വൈദഗ്ധ്യമില്ലെന്നും, അതിനാൽ പരമ്പരാഗത രീതിയിൽ ചെയ്യാമെന്നും നിലപാടെടുത്ത ദേവസ്വം കമ്മീഷണർ എട്ടു ദിവസത്തിനു ശേഷം നിലപാട് മാറ്റിയത് സംശയകരമാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശില്‍പ്പപാളികളും താങ്ങുപീഠവും കൈമാറാന്‍ ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് നിര്‍ദ്ദേശം നല്‍കി. സ്വര്‍ണം പൂശുന്ന ജോലികൾ വേഗത്തിലാക്കണമെന്ന ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നിർദേശം ചൂണ്ടിക്കാട്ടി ദേവസ്വം കമ്മീഷണർ കത്തു നൽകുകയും ചെയ്തു. തുടർന്ന് ദ്വാരപാലക ശിൽപ്പങ്ങളും താങ്ങുപീഠവും പോറ്റിയെ ഏൽപ്പിച്ചു. ഇക്കാര്യങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു. 

ഗൗരവാവസ്ഥ പരിഗണിച്ച് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന്റെ മിനിറ്റ്സ് ബുക്ക് പിടിച്ചെടുത്ത് സൂക്ഷിക്കാനും, ഇതിന്റെ പകർപ്പ് ഹൈക്കോടതി റജിസ്ട്രാർ ജനറലിനും നൽകാനും കോടതി നിർദേശിച്ചു. ദേവസ്വം ബോർഡ് അധികൃതരുടെ മാത്രമല്ല, മുകൾത്തട്ടു മുതൽ താഴെവരെയുള്ള ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്കും വിശദമായി അന്വേഷിക്കണം. ദേവസ്വം ഉദ്യോഗസ്ഥരുടെ മേൽ ബോർഡിന് നിയമപരമായ നിയന്ത്രണവും മേൽനോട്ടവും ഉണ്ടാകേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ബോർഡ് അധികൃതർക്ക് എല്ലാ കുറ്റങ്ങളും ഉദ്യോഗസ്ഥരുടെ മേൽ പഴിചാരി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാവാനാവില്ലെന്നും ജസ്റ്റിസ് രാജാ വിജയരാഘവൻ അധ്യക്ഷനായ ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

ENGLISH SUMMARY:

The Kerala High Court has directed that the Devaswom Board’s minutes book be seized in connection with the Sabarimala gold heist case. The court ordered immediate confiscation and secure preservation of the minutes book. The Special Investigation Team (SIT) informed the court that the information in the mahazars was inaccurate. The High Court emphasized the need for a detailed probe into a larger conspiracy. It also noted that the Devaswom sub-group manual was violated and criticized the decision to send the gold plating for repair. The court remarked that the gold might have been sent for repair to conceal a previous theft and that the lack of proper permission could be linked to this.