സംസ്ഥാനത്തെ സർക്കാർ ആശുപത്രികളില്‍ വീണ്ടും ഹൃദയശസ്ത്രക്രിയ  പ്രതിസന്ധിയിൽ.  നാല് പ്രധാന ആശുപത്രികളിലെ ഉപകരണങ്ങളുടെ സ്റ്റോക്ക് നാളെ പിൻവലിക്കുമെന്ന് വിതരണക്കാർ അറിയിച്ചു. തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളജുകൾ,  എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിലെ സ്റ്റോക്ക് ആണ് പിൻവലിക്കുക. 

കോടികൾ കുടിശ്ശികയായതിനെ തുടർന്നാണ് മുന്നറിയിപ്പ്. 2025 മാർച്ച് വരെയുള്ള കുടിശ്ശിക തീർക്കണമെന്നാണ് വിതരണക്കാരുടെ ആവശ്യം.  കുടിശ്ശിക നൽകാത്തതിനെ തുടർന്ന് സെപ്റ്റംബർ ഒന്നു മുതൽ വിതരണ കമ്പനികൾ ഹൃദയശസ്ത്രക്രിയ ഉപകരണ വിതരണം നിർത്തിവച്ചിരിക്കുകയാണ്.

അതേസമയം, വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമര രംഗത്തുള്ള സംസ്ഥാനത്തെ സർക്കാർ മെഡിക്കല്‍ കോളജ്  ഡോക്ടര്‍മാര്‍ പ്രതിഷേധം  കടുപ്പിക്കുകയാണ്. ഇന്ന്  ഒപി ബഹിഷ്‌കരിക്കും. ജൂനിയര്‍ ഡോക്ടര്‍മാരും, പിജി ഡോക്ടര്‍മാരും മാത്രമേ ഒപിയില്‍ ഉണ്ടാവുകയുള്ളുവെന്നും അത്യാവശ്യ ചികിത്സ ആവശ്യമുള്ളവര്‍ മാത്രമേ ഇന്ന്  മെഡിക്കല്‍ കോളജുകളില്‍ എത്താവുവെന്നും കെജിഎംസിടിഎ ഭാരവാഹികള്‍ അറിയിച്ചു. 

അധ്യാപനം നിര്‍ത്തി നടത്തിയ സമരത്തോട്  സര്‍ക്കാര്‍ മുഖം തിരിച്ചതിനാലാണ് ഒപി ബഹിഷ്‌കരണ സമരത്തിന്റെ  സാഹചര്യം ഉണ്ടായതെന്നും  അതിലേക്ക്  തള്ളിവിട്ടതിന്റെ  ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും KGMCTA  കുറ്റപ്പെടുത്തി.  അനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ റിലേ അടിസ്ഥാനത്തില്‍ ഒക്ടോബര്‍  28, നവംമ്പര്‍ 5, 13,  21, 29 തീയതികളിലും ഒ.പി. ബഹിഷ്‌കരിക്കും. 

നഷ്ടപ്പെട്ട ശമ്പള - ക്ഷാമബത്ത കുടിശ്ശിക നല്‍കുക,  അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലെ ശമ്പളനിര്‍ണ്ണയ അപാകത പരിഹരിക്കുക, രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടര്‍മാരെ നിയമിക്കുക, പുതിയ  മെഡിക്കല്‍ കോളജുകളില്‍ താല്കാലിക പുനര്‍വിന്യാസത്തിലൂടെ ഡോക്ടര്‍മാരെ നിയമിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് KGMCTA ഉന്നയിക്കുന്നത്.

ENGLISH SUMMARY:

Kerala health crisis is worsening as government hospitals face equipment shortages for heart surgeries. Doctors are also intensifying their protests due to unresolved issues and arrears.