എങ്ങനെ അപകടരമായി ട്രാന്‍സ്ഫോര്‍മര്‍ വയ്ക്കാമെന്നറിയണമെങ്കില്‍ കൊല്ലം കരുനാഗപ്പള്ളിയിലെത്തണം. സ്കൂളിനു മുന്നിലെ 11 കെ.വി ട്രാന്‍സ്ഫോര്‍മര്‍ മുതല്‍ റോഡ് വക്കത്തുവരെ ഒന്‍പതു ട്രാന്‍സ്ഫോര്‍മറാണ് ഒരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ നഗരത്തിലുള്ളത്. ദേശീയപാതയുടെ പണി തീരുംവരെ ജീവന്‍ പണയം വെച്ചുള്ള യാത്ര നടത്തിയാലേ പറ്റുള്ളുവെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം.
സുരക്ഷാ വേലി പോലുമില്ലാതെ കരുനാഗപ്പള്ളി ബോയ്സ് സ്കൂളിനു മുന്നിലുള്ള ട്രാന്‍സ്ഫോര്‍മറിനു മുന്നിലൂടെ ആള്‍ക്കാര്‍ പോകുന്നത് ജീവന്‍ പണയം വെച്ചാണ്. 11 കെ.വി ട്രാന്‍സ്ഫോര്‍മറിനു സമീപത്തു കൂടി പോകുന്ന സ്കൂള്‍ കുട്ടികളുടെ കാര്യം പറയുകയും വേണ്ട. ദേശീയപാത നിര്‍മാണം നടക്കുന്നതിനാല്‍ സര്‍വീസ് റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതിനാല്‍ അരിക് ചേര്‍ന്നാണ് ആള്‍ക്കാര്‍ നടന്നു പോകുന്നത്.
ഇതു സ്കൂളിനു മുന്നില്‍ മാത്രമല്ല, നഗരത്തില്‍ നാലിടത്തു ഇതുപോലെ സുരക്ഷാ വേലി പോലുമില്ലാതെയാണ് ട്രാന്‍സ്ഫോര്‍മര്‍ സ്ഥിതിചെയ്യുന്നത്. നഗരത്തിനു ചുറ്റളവിലായി ഒന്‍പതു ട്രാന്‍സ്ഫോര്‍മറാണ് ഇത്തരത്തിലുള്ളത്.