unnikrishnan-potti-statement

ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്ക് തനിക്ക് സഹായം ലഭിച്ചെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. ക്രൈംബ്രാഞ്ചിന്‍റെ വിശദമായ ചോദ്യം ചെയ്യലിലാണ് പോറ്റിയുടെ മൊഴി. ഉദ്യോഗസ്ഥര്‍ക്ക് പുറമെ ഭരണസമിതിയും തന്നെ സഹായിച്ചിട്ടുണ്ടെന്നും ഇവര്‍ക്കെല്ലാം താന്‍ പ്രത്യുപകാരം ചെയ്തിട്ടുണ്ടെന്നും പോറ്റി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. ക്രൈംബ്രാഞ്ച് എസ്.പി പി.ബിജോയിയുടെ നേതൃത്വത്തിലായിരുന്നു ആദ്യഘട്ട ചോദ്യം ചെയ്യൽ. തുടർന്ന് എസ്.പി ശശിധരനും രാത്രി പന്ത്രണ്ടരയോടെ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്ന നടപടിയുടെ ഭാഗമായി എത്തി. രാവിലെ തന്നെ പോറ്റിയെ പത്തനംതിട്ടയില്‍ എത്തിച്ച് ഉച്ചയോടെ റാന്നി കോടതിയില്‍ ഹാജരാക്കും. 

1998 ൽ വിജയ് മല്യ സ്വർണ്ണം പൊതിഞ്ഞ പാളികളാണ് ചെമ്പു പാളി എന്ന് രേഖപ്പെടുത്തി ഉദ്യോഗസ്ഥരും ഉണ്ണികൃഷ്ണൻ പോറ്റിയും ചേർന്ന് 2019ൽ വീണ്ടും സ്വർണം പൂശാൻ കൊണ്ടുപോയത്. 200 ഗ്രാമോളം സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി തട്ടിയെടുത്തു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 2019ലെ സ്വർണ്ണം പൂശൽ മങ്ങിയതോടെയാണ് വീണ്ടും സ്വർണം പൂശാൻ കൊണ്ടുപോയതും വൻ വിവാദം ഉണ്ടായതും.

ദ്വാരപാലക ശില്‍പ്പപാളികളിലെ സ്വര്‍ണക്കൊള്ള, കട്ടിളപ്പടിയിലെ സ്വര്‍ണപ്പാളി ചെമ്പാക്കിയ അട്ടിമറി എന്നിങ്ങനെ രണ്ടു കേസുകളിലും പ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. ശബരിമലയുടെ മറവില്‍ പോറ്റി ലക്ഷങ്ങള്‍ കൈക്കലാക്കിയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. സ്പോണ്‍സറെന്ന് അവകാശപ്പെട്ടിരുന്ന ഉണ്ണിക്കൃഷ്ണന്‍ പോറ്റി സ്വര്‍ണം പൂശലില്‍ ആകെ ചെലവാക്കിയത് 3 ഗ്രാം മാത്രമാണ്. 475 ഗ്രാം അഥവാ 56 പവന്‍ അടിച്ചെടുത്തു. ഇപ്പോഴത്തെ വിപണിവിലയില്‍ അമ്പത് ലക്ഷത്തോളം രൂപയുടെ ലാഭമുണ്ട്.

ENGLISH SUMMARY:

Sabarimala gold theft investigation reveals Unnikrishnan Potti's involvement. He allegedly confessed to receiving assistance from officials and the administrative committee in the gold theft, promising them favors in return.