മുൻ ആർഎസ്എസ് പ്രവർത്തകനായ യുവാവിന്‍റെ ആത്മഹത്യയിൽ ആരോപണ വിധേയനായ നിതീഷ് മുരളീധരനെതിരെ കേസെടുക്കാൻ നിയമപദേശം. കൃത്യത്തിന് പ്രഥമദൃഷ്ട്യ തെളിവുണ്ട്. യുവാവ് പങ്കുവച്ച ആത്മഹത്യാ കുറിപ്പിനും വിഡിയോയ്ക്കും നിയമ സാധുതയുണ്ട്. തിരുവനന്തപുരം അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍ മനു കല്ലമ്പള്ളിയാണ് പൊൻകുന്നം പൊലീസിന് നിയമപദേശം നൽകിയത്.
ആർഎസ്എസ് ശാഖയിൽ പീഡനത്തിനിരയായെന്ന് ഇൻസ്റ്റഗ്രാമിൽ മരണമൊഴിയിട്ട ശേഷമാണ് കോട്ടയം സ്വദേശിയായ യുവാവ് ജീവനൊടുക്കിയത്. ഇന്നലെ പുറത്തുവന്ന വിഡിയോയിൽ തന്നെ പീഡിപ്പിച്ചത് വീടിനു സമീപമുള്ള നിതീഷ് മുരളീധരനാണെന്ന് യുവാവ് വെളിപ്പെടുത്തിയിരുന്നു. കുട്ടിക്കാലം മുതൽ പീഡനത്തിനിരയാക്കിയെന്നും തന്നെ വിഷാദരോഗിയാക്കിയെന്നും യുവാവ് വിഡിയോയില്‍ പറയുന്നുണ്ട്.
ALSO READ: യുവാവിന്‍റെ മരണമൊഴി...
തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊൻകുന്നം എലിക്കുളം വഞ്ചിമല സ്വദേശിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആരോപണ വിധേയനായ നിതീഷിൽ നിന്നും മരിച്ച യുവാവിന്‍റെ വീട്ടുകാരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
അതേസമയം, യുവാവിന്‍റെ മരണമൊഴി പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐയും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. പൊൻകുന്നത്തെ ഡിവൈഎസ്പി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. ആർഎസ്എസ് ശാഖകൾ പീഡന കേന്ദ്രങ്ങൾ ആണെന്ന് ജെയ്ക് സി. തോമസ് ആരോപിച്ചു. ആരോപണ വിധേയനായ നിതീഷിന്‍റെ കാഞ്ഞിരപ്പള്ളി കാപ്പാട് ഉള്ള കട ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തി. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും രംഗത്തെത്തിയിരുന്നു.