TOPICS COVERED

കോഴിക്കോട് മൊകവൂര്‍ കാമ്പുറത്ത് ശ്രീഭഗവതി ക്ഷേത്രത്തില്‍ സ്വര്‍ണം കാണാനില്ലെന്ന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ മലബാര്‍ ദേവസ്വം ബോര്‍ഡ്. 66.5 ഗ്രാം സ്വര്‍ണമാണ് ക്ഷേത്രത്തില്‍ നിന്ന് നഷ്ടപ്പെട്ടത്. ക്ഷേത്രത്തിലെ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കെതിരെയാണ് പരാതി. അതിനിടെ വിരമിക്കല്‍ ആനുകൂല്യം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ ജീവനക്കാരന്‍ നല്‍കിയ കേസില്‍ ക്ഷേത്രത്തിലേക്ക് ജപ്തി നോട്ടീസും വന്നു. 

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മൊകവൂര്‍ കാമ്പുറത്ത് ശ്രീഭഗവതി ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച സ്വര്‍ണം, വെള്ളി ഉരുപ്പടികളാണ് നഷ്ടപ്പെട്ടത്. ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ തൂക്കി നോക്കി ട്രസ്റ്റികളുടെ സാന്നിധ്യത്തില്‍ ബാങ്ക് ലോക്കറിലേക്ക് മാറ്റണമെന്നാണ് ചട്ടം. 2024ല്‍ വിരമിച്ച ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ വി.കെ ബാലകൃഷ്ണന്‍റെ നേതൃത്വത്തില്‍ ഭരണ സമിതിയെ പോലും അറിയിക്കാതെ ഇവയൊക്കെ കൊണ്ടുപോയതായാണ് പരാതി.  ഉരുപ്പടികള്‍ കാണാനില്ലെന്ന് ദേവസ്വം ബോര്‍ഡിനും മന്ത്രിക്കും ഉള്‍പ്പടെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല. 

അതിനിടെ വിരമിക്കല്‍ ആനുകൂല്യം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ ജീവനക്കാരന്‍ നല്‍കിയ കേസില്‍ ക്ഷേത്രത്തിലേക്ക് ജപ്തി നോട്ടീസും വന്നു. ഇതും ദേവസ്വം ബോര്‍ഡിന്‍റെ അനാസ്ഥ കാരണമെന്നാണ് ആരോപണം.  2017 ല്‍ ക്ഷേത്രത്തില്‍ വെരിഫിക്കേഷന്‍ നടക്കുമ്പോള്‍ മുതല്‍ സ്വര്‍ണത്തിന്‍റെ കണക്കില്‍ വ്യത്യാസമുണ്ട്. നാല് സ്വര്‍ണപൊട്ട്, ഒരു സ്വര്‍ണ ചെയിന്‍, 50 ഗ്രാമിന്‍റെ രണ്ട് വെള്ളിക്കുട, 10ഗ്രാമിന്‍റെ രണ്ട് മണിമാല എന്നിവ പരിശോധന സമയത്ത് ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഹാജരാക്കിയില്ല. 66.5 ഗ്രാം സ്വര്‍ണം ക്ഷേത്രത്തില്‍ നഷ്ടപ്പെട്ടതായാണ് കണക്കു കൂട്ടല്‍.  അന്നത്തെ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ നാരായണന്‍ ഉള്‍പ്പടെ തുടര്‍ന്ന് ചുമതലയേറ്റവര്‍ സംശയത്തിന്‍റെ നിഴലിലാണ്.

ENGLISH SUMMARY:

Kerala temple gold missing is the main focus. A complaint has been filed regarding missing gold at the Mokavoor Sree Bhagavathi Temple, but the Malabar Devaswom Board has not taken any action.