Vellappally Natesan at Kollam SN college

മുസ്‌ലിം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതിയാണെന്നും, സംസ്ഥാനത്ത് മതരാഷ്ട്രീയം സ്ഥാപിക്കാനാണ് അവരുടെ ലക്ഷ്യമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്‌ലിം ലീഗിനും അവരുടെ പോഷക സംഘടനകൾക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.

മലപ്പുറം ജില്ല ആർക്കും ബാലികേറാമലയല്ലെന്ന് താൻ പറഞ്ഞതിന്റെ പേരിൽ ലീഗ് തന്നെ മുസ്‌ലിം വിരോധിയായി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. "മലപ്പുറത്ത് ഒരു കുട്ടിപ്പള്ളിക്കൂടം പോലും യാചിച്ചിട്ട് അവർ തന്നില്ല. ലീഗും അവരുടെ പോഷകസംഘടനകളും ചേർന്ന് തന്നെ വേട്ടയാടി," അദ്ദേഹം പറഞ്ഞു.

മുസ്‌ലിം സംഘടനകളെ ചോദ്യം ചെയ്യുന്നവരെ അടിച്ചിരുത്തുന്ന രീതിയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. തൻ്റെ അഭിപ്രായസ്വാതന്ത്ര്യത്തെപോലും ലീഗ് ചോദ്യം ചെയ്തു. മുസ്‌ലിം സംഘടനകളുടെ ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യത്തിന് പിന്നിലെ പ്രധാന ലക്ഷ്യം കേരളത്തിൽ മതരാഷ്ട്രീയം സ്ഥാപിക്കുക എന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയത്തിൽ ഈഴവ സമുദായത്തോടുള്ള വിവേചനത്തെക്കുറിച്ചും വെള്ളാപ്പള്ളി തുറന്നടിച്ചു. മുഖ്യമന്ത്രിയും മന്ത്രി വാസവനും രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നവർ ഗണേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. "സമുദായംഗങ്ങളെ വളരാനും വളർത്താനും അനുവദിക്കാത്ത സമീപനമാണ് പൊതുവെ ഇവിടെയുള്ളത്. ഈഴവരെ വളരാനും വളർത്താനും അനുവദിക്കുന്നില്ല," അദ്ദേഹം കുറ്റപ്പെടുത്തി. 

ENGLISH SUMMARY:

Vellappally Natesan criticizes the Muslim League, alleging they aim to establish religious politics in Kerala. He accuses them of targeting those who question Muslim organizations and highlights discrimination against the Ezhava community in politics.