ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ കൈവശമുള്ള സ്വര്‍ണത്തിലും പണത്തിലും തരിപ്പോലും നഷ്ടപ്പെട്ടില്ലെന്ന വിശദീകരണവുമായി ചെയര്‍മാന്‍ വി.കെ.വിജയന്‍. ആറു വര്‍ഷം മുമ്പത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലായിരുന്നു ചെയര്‍മാന്‍റെ പ്രതീകരണം. 

​ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നത് വിവാദത്തിലായിരുന്നു. സ്വര്‍ണത്തിന്‍റേയും പണത്തിന്‍റേയും കാര്യത്തില്‍ ചില പിശകുകള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, ഇതിനെല്ലാം കൃത്യമായ മറുപടികളുമായി ഹൈക്കോടതിയില്‍ ദേവസ്വം സത്യവാങ്മൂലം നല്‍കി. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിനൊപ്പമാണ് ചെയര്‍മാന്‍ മാധ്യമങ്ങളെ കണ്ടത്. എസ്.ബി.ഐയുടെ നിക്ഷേപപദ്ധതിയിലാണ് വഴിപാട് സ്വര്‍ണശേഖരമുള്ളത്. കേന്ദ്രസര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തില്‍ സ്വര്‍ണം ഉരുക്കി ബാറാക്കി ശേഷമാണ് എസ്.ബി.ഐയില്‍ നിക്ഷേപിക്കുന്നത്. ഇത്രയും സുതാര്യമായ ഇടപാടുകളാണ് ദേവസ്വത്തിനുള്ളത്. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചില സംശയങ്ങള്‍ ചൂണ്ടിക്കാട്ടി. ദേവസ്വം നല്‍കിയ മറുപടിയില്‍ ഓഡിറ്റ് വിഭാഗം മറുത്തൊരു അഭിപ്രായം പറഞ്ഞിട്ടുമില്ല. ശബരിമലയിലെ വിവാദങ്ങള്‍ക്കു പിന്നാലെ ഓഡിറ്റ് പുറത്തു വന്നത് ഗുരുവായൂരിനേയും സംശയത്തിലാക്കി. ഇതിനു പിന്നാലെയാണ് ദേവസ്വത്തിന്‍റെ വിശദീകരണം.

ENGLISH SUMMARY:

Guruvayur Devaswom clarifies that there has been no loss of gold or money in its possession. The chairman's explanation comes after controversy surrounding certain references in the six-year-old audit report.