തിരുവനന്തപുരം– കാസര്‍കോട് ദേശീയ പാത 66 ന്‍റെ ഉദ്ഘാടനം അടുത്തവര്‍ഷം ജനുവരിയില്‍. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. മന്ത്രി പി.എ. മുഹമ്മദ് റിയാസും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും മുഖ്യമന്ത്രി ചര്‍ച്ചനടത്തി. വിശദാംശങ്ങള്‍ പുറത്തുവിട്ടില്ല.

ഡിസംബറോടെ ദേശീയപാത 66 ന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പുനല്‍കിയെന്ന് പി.എ.മുഹമ്മദ് റിയാസ്. പുരോഗതി വിലയിരുത്താന്‍ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗം മന്ത്രി ഉടന്‍ വിളിക്കും. നിതിന്‍ ഗഡ്കരിയാണ് പാതയുടെ ഉദ്ഘാടനം നിര്‍വഹിക്കുക എന്നും മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ഥലം ഏറ്റെടുത്ത വകയില്‍ കേരളം നൽകാനുള്ള 237 കോടി രൂപ  കേന്ദ്രസർക്കാർ എഴുതി തള്ളുമെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ പോസ്റ്റീവായിരുന്നുവെന്നും NH 66 കേരളത്തിൽ 450 കിലോമീറ്റർ പൂർത്തിയായെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. 16 റീച്ചുകൾ സംസ്ഥാനത്തുണ്ട്. ചിലയിടത്ത് കരാറുകാരുടെ അനാസ്ഥയുണ്ടെന്ന് കേന്ദ്രമന്ത്രിയെ നേരത്തെ തന്നെ ധരിപ്പിച്ചിരുന്നു. തൊഴിലാളികളുടെ എണ്ണം ചിലയിടത്ത് കുറവായിരുന്നു, ഇപ്പോൾ പലയിടത്തും മൂന്നിരട്ടി തൊഴിലാളികളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.   കാസർകോട് - തളിപ്പറമ്പ് റീച്ച്, അഴിയൂർ വെങ്ങള, വടകര എന്നിവിടങ്ങളിൽ നിർമാണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ട്. ചില കരാരുകാർക്കും വീഴ്ചയുണ്ടായി. സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്തതിന് കാരണമിതാണെന്നും മന്ത്രി വ്യക്തമാക്കി. 

രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് മുഖ്യമന്ത്രി കണ്ടത്. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടില്ല. കേന്ദ്ര ആരോഗ്യമന്ത്രിയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷനുമായ ജെ.പി.നഡ്ഡയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. നിയമസഭ സമ്മേളനം പ്രക്ഷുബ്ധമായി തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ അടിയന്തര ഡല്‍ഹി സന്ദര്‍ശനം. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടൊന്നും മുഖ്യമന്ത്രി പ്രതികരിച്ചില്ല.

ENGLISH SUMMARY:

Kerala National Highway construction progress is set to be reviewed in January. The Public Works Minister stated that completed sections of the national highway will be inaugurated then.