താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടിയ സംഭവത്തിൽ യാതൊരു കുറ്റബോധമില്ലാതെ പ്രതി സനൂപ്. ആക്രമണം ആരോഗ്യമന്ത്രിക്കും വകുപ്പിനും ഡെഡിക്കേറ്റ് ചെയ്യുന്നെന്ന് പ്രതി. മെഡിക്കൽ പരിശോധന കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു പ്രതികരണം. മകളുടെ മരണത്തിൽ മനംനൊന്താണ് ഡോക്ടറെ വെട്ടിയതെന്നാണ് പ്രതി സനൂപ് പൊലീസിനോട് പറഞ്ഞത്. ചികിൽസയിലെ പിഴവ് കൊണ്ടാണ് മകൾ മരിച്ചതെന്നാണ് സനൂപിന്‍റെ ആരോപണം.
ഓഗസ്റ്റ് 14നാണ് താമരശേരി സ്വദേശി സനൂപിന്റെ ഒൻപതുവയസുകാരി മകൾ കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്. കടുത്ത പനിയെ തുടർന്ന് താമരശേരി താലൂക്ക് ആശുപത്രിയിലാണ് കുട്ടിയെ ആദ്യം എത്തിക്കുന്നത്. അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടെ എത്തുമ്പോഴേയ്ക്കും കുട്ടി മരിച്ചു.
കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് അപ്പോഴും കണ്ടെത്തിയിരുന്നില്ല. ഒടുവിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് അമീബിക് മസ്തിഷ്കജ്വരമാണെന്ന് കണ്ടെത്തിയത്. താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ വീഴ്ചയാണ് തന്‍റെ മകൾ നഷ്ടപ്പെടാൻ കാരണമെന്ന് അന്നുതന്നെ സനൂപ് ആരോപിച്ചിരുന്നു. പിന്നീട് പലതവണയും താലൂക്ക് ആശുപത്രിയിലെത്തി സൂപ്രണ്ടിനെ കണ്ട് ഇതേ പരാതി സനൂപ് ഉന്നയിച്ചിരുന്നു. കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടാൻ വൈകുന്നതായും പരാതിപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് ഉച്ചയോടെ മക്കളൊടൊപ്പെം ആശുപത്രിയിൽ എത്തിയ സനൂപ് സൂപ്രണ്ട് ഓഫീസിൽ കയറി ഡോ. വിപിനെ വെട്ടിയത്. വിപിൻ കുട്ടിയെ പരിശോധിച്ച ഡോക്ടറായിരുന്നില്ല. കുട്ടിയെ പരിശോധിച്ച ഡോക്ടർ അനീഷ് പിന്നീട് കണ്ണൂർ ആശുപത്രിയിലേക്ക് സ്ഥലം മാറിപ്പോയി. സൂപ്രണ്ട് ആണെന്ന് കരുതിയാണ് വിപിനെ വെട്ടിയതെന്നാണ് സനൂപിന്‍റെ മൊഴി. മകളുടെ മരണകാരണം അറിയാൻ ആശുപത്രിയെ സമീപിച്ചപ്പോൾ വൈകുമെന്നായിരുന്നു മറുപടി. ഇതാണ് കൂടുതൽ പ്രകോപിപ്പിച്ചതെന്നും സനൂപ് പറയുന്നു.