ശ്രവണസഹായി പണിമുടക്കിയതോടെ പഠനം തുടരാൻ ആവാതെ പ്ലസ് ടു വിദ്യാർഥിനി. കാക്കനാട് സ്വദേശി ശ്രീലക്ഷ്മി സ്കൂളിൽ പോയിട്ട് ഒരു മാസമായി. ശ്രുതി തരംഗം പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രവണ സഹായി നന്നാക്കണമെന്ന് സർക്കാരിനോട് അപേക്ഷിക്കുകയാണ് ശ്രീലക്ഷ്മിയും കുടുംബവും.
2010 ൽ രണ്ടര വയസ്സുള്ളപ്പോഴാണ് ശ്രീലക്ഷ്മിക്ക് ശ്രവണ സഹായി വയ്ക്കുന്നത്. ശ്രുതി തരംഗം പദ്ധതിക്ക് മുൻപേയുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായായിരുന്നു അന്നത്തെ ശസ്ത്രക്രിയ. അതിനുശേഷം 2015ൽ ശ്രവണ സഹായി അപ്ഗ്രേഡ് ചെയ്തു. ഒരു മാസം മുൻപ്, ഉപകരണം കേടായി. പ്ലസ് ടു കൊമേഴ്സ് വിദ്യാർഥിനിയായിരുന്ന ശ്രീലക്ഷ്മിയുടെ പഠനം അതോടെ നിലച്ചു.
ശ്രീലക്ഷ്മിയുടെ അമ്മയ്ക്കും സംസാരശേഷിയില്ല. ഹൃദ്രോഗിയായ മുത്തശ്ശി മാത്രമാണ് രണ്ടുപേരുടെയും ആശ്രയം. ശ്രവണ സഹായിക്കായി കുടുംബത്തിന് ഇതുവരെ ചെലവായത് 10 ലക്ഷത്തിലധികം രൂപ.