പ്രതിപക്ഷ അംഗത്തിന്‍റെ ഉയരക്കുറവിനെ പരിഹസിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. എട്ടുമുക്കാല്‍ അട്ടിവെച്ചത് പോലെ എന്നായിരുന്നു പ്രതിപക്ഷ അംഗത്തിന്‍റെ ഉയരക്കുറവിനെ പരിഹസിച്ച് മുഖ്യമന്ത്രി പറഞ്ഞ്. മുഖ്യമന്ത്രി നടത്തിയത് ബോഡി ഷെയിമിങ് ആണെന്ന് പ്രതിപക്ഷം ആരോപിച്ചു. പരമര്‍ശം രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെടും.
നിയമസഭയില്‍ പ്രതിപക്ഷ–ഭരണപക്ഷ ഏറ്റുമുട്ടലിന് പിന്നാലെയാണ് പ്രതിപക്ഷ അംഗത്തിന്‍റെ ഉയരക്കുറവിനെ പരിഹസിച്ചുള്ള മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം. മുഖ്യമന്ത്രിയുടെ വാക്കുകളെ ബെഞ്ചിലടിച്ചാണ് ഭരണപക്ഷം സ്വീകരിച്ചത്. പ്രതിപക്ഷത്തെ ഏത് അംഗത്തെയാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. വിവാദ പരാമര്‍ശ സമയത്ത് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പുറത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പരാമര്‍ശം കേട്ടറിഞ്ഞ പ്രതിപക്ഷം ശക്തമായ വിമര്‍ശനവുമായി രംഗത്തുവന്നു. മുഖ്യമന്ത്രി നടത്തിയത് ബോഡി ഷെയിമിങ് ആണെന്നും പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. സഭ മര്യാദകള്‍ക്ക് ചേരാത്ത ഇത്തരം പരാമര്‍ശങ്ങള്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്യുന്നതാണ് കീഴ്വഴക്കം. അത് പാലിക്കാന്‍ സ്പീക്കര്‍ തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്.