TOPICS COVERED

ഇടുക്കി മൂന്നാറിൽ ജനവാസ മേഖലയിൽ വീണ്ടും കടുവകളിറങ്ങി. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് ചിറ്റുവാരൈ എസ്റ്റേറ്റിൽ തൊഴിലാളികൾ മൂന്ന് കടുവകളെ കണ്ടത്. തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവകൾ കാടുകയറിയതായി കണ്ടെത്തി. പകൽ സമയത്ത് തേയിലത്തോട്ടത്തിൽ കടുവയെ കണ്ടത് തൊഴിലാളികൾക്ക് ആശങ്കയാവുകയാണ്. മാട്ടുപ്പെട്ടി, കുണ്ടള മേഖലകളിൽ നിരവധി മൃഗങ്ങളെയാണ് ഇതുവരെ കടുവ ആക്രമിച്ച് കൊന്നത്. 

കടുവകളുടെ കാല്‍പാടുകള്‍ വനംവകുപ്പ് പരിശോധിച്ചു. പ്രായപൂര്‍ത്തിയായ മൂന്ന് കടുവകളാണ് ജനവാസ മേഖലയിലെത്തിയത്. നേരത്തെയും നിരവധി തവണ മൂന്നാറില്‍ കടുവകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. 200 ലേറെ മൃഗങ്ങളെ കടുവകളെ ആക്രമിച്ചെന്നാണ് തോട്ടം തൊഴിലാളികള്‍ പറയുന്നത്. മാട്ടുപ്പെട്ടി, കുണ്ടള മേഖലകളിലൊക്കെ വളർത്തു മൃഗങ്ങൾക്ക് നേരെയാണ് പലപ്പോഴും ആക്രമണം ഉണ്ടായിട്ടുണ്ട്. എന്നാല്‍ വനം പരിശോധിക്കുമ്പോള്‍ കടുവയുടെ സാനിധ്യം സ്ഥിരീകരിച്ചെങ്കില്‍ മാത്രമേ നഷ്ടപരിഹാരം നൽകാറുള്ളൂ. അതിനാല്‍ തോട്ടം തൊഴിലാളികള്‍ക്ക് പലപ്പോഴും നഷ്ടപരിഹാരം കിട്ടാത്ത സാഹചര്യമാണ്. 

അതേസമയം, കാട്ടാനക്കലിയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടുപേരുടെ ജീവന്‍ പൊലിഞ്ഞത് ആശങ്കയുണ്ടാക്കുന്നതെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. ഇടുക്കിയിലും, അട്ടപ്പാടിയിലും ആനപ്പേടി മാറ്റാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അടിയന്തര സഹായമെത്തിക്കുെമന്നും എ.കെ.ശശീന്ദ്രന്‍ തിരുവനന്തപുരത്ത് മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

Tiger sightings in Munnar are causing concern among local tea estate workers. Forest officials are investigating recent reports of tigers venturing into residential areas and attacking livestock.