ഇടുക്കി ഉടുമ്പന്‍ചോലയില്‍ എം.എം.മണിയെ വീണ്ടും മല്‍സരിപ്പിക്കാന്‍ സിപിഎം. ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തിന് പട്ടിക കൈമാറി. ദേവികുളത്ത് എ.രാജ വീണ്ടും മല്‍സരിക്കും. ഉടുമ്പന്‍ചോലയില്‍ മണി മല്‍സരിച്ചില്ലെങ്കില്‍ വിജയസാധ്യതയില്ലെന്ന കണക്കുകൂട്ടലിലാണ് നീക്കം. കെ.െക.ജയചന്ദ്രന്‍റെ പേരും പരിഗണിച്ചിരുന്നു. കഴിഞ്ഞതവണ 38305 വോട്ടുകള്‍ക്കാണ് എം.എം.മണി വിജയിച്ചത്. ഇ.എം.ആഗസ്തിക്കെതിരെയായിരുന്നു ജയം.

മന്ത്രിയായിരുന്ന കാലത്തടക്കം നടത്തിയ വികസനപ്രവര്‍ത്തനങ്ങളാണ് എം.എം.മണിയെ ഉടുമ്പന്‍ ചോലയില്‍ പ്രിയങ്കരനാക്കുന്നത്. ഇതിന് പുറമെ ജനങ്ങള്‍ക്കിടയിലെ സ്വീകാര്യതയും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് സിപിഎം. തദ്ദേശതിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഉടുമ്പന്‍ചോലയിലടക്കം സിപിഎമ്മിന് നേരിട്ടിരുന്നു. ഇതടക്കം മായ്ക്കാന്‍ മണി തന്നെ ഇറങ്ങണമെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. ഒപ്പം എല്‍ഡിഎഫ് ജാഥ നയിക്കുന്നതും എം.എം.മണിയാകും. മണിയുടെ സ്വീകാര്യത മറ്റ് മണ്ഡലങ്ങളിലും പ്രതിഫലിക്കുമെന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തല്‍.

എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയ സാഹചര്യത്തില്‍ തോട്ടം മേഖലയിലെ വോട്ടുകള്‍ ഭിന്നിച്ച് പോകാതിരിക്കാന്‍ എ.രാജയെ തന്നെ വീണ്ടും നിര്‍ത്തണമെന്ന് ജില്ലാ നേതൃത്വം നിലപാടെടുത്തു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനം രാജയ്ക്ക് ഗുണം ചെയ്യുമെന്നും ജില്ലാ സെക്രട്ടേറിയറ്റ് കരുതുന്നു. ഇരുവരുടെയും പേരുകളടങ്ങിയ പട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറി. 

ENGLISH SUMMARY:

The CPIM Idukki district secretariat has decided to field veteran leader M.M. Mani for a third term from the Udumbanchola constituency in the 2026 Kerala Assembly elections. Facing a tough political climate after local body poll setbacks, the party believes only Mani's immense popularity and development record can ensure a win. Similarly, A. Raja has been picked to contest again from Devikulam to consolidate plantation sector votes, especially following S. Rajendran's shift to the BJP. M.M. Mani will also lead the LDF campaign march in the district, aiming to leverage his mass appeal across all constituencies. The final candidate list has been submitted to the state leadership for official approval