ഇടുക്കി തൊടുപുഴയിൽ പക്ഷാഘാതം വന്ന് റോഡിൽ കുഴഞ്ഞുവീണ ആളെ പൊലീസ് പോലും തിരിഞ്ഞ് നോക്കിയില്ല. മണിക്കൂറുകൾക്ക് ശേഷം പൊലീസ് തന്നെ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ നൽകിയില്ലെന്ന് കുടുംബം. ഗുരുതര അനാസ്ഥ മൂലം ചുങ്കം സ്വദേശി ജയകുമാറിനാണ് ജീവൻ നഷ്ടമായത്. കെ എസ് യു പ്രതിഷേധത്തിനിടെ പരുക്കേറ്റ മന്ത്രി വീണ ജോർജിന് ഒരുമണിക്കൂറിനുള്ളിൽ ഐസിയു വിൽ അഡ്മിറ്റായി ചികിത്സ ലഭിക്കുന്നിടത്ത് പക്ഷാഘാതം വന്ന് തളർന്നു പോയ ജയകുമാറിനെ ഐ സി യു വിൽ അഡ്മിറ്റാക്കാൻ കോട്ടയം മെഡിക്കൽ കോളജ് അധികൃതരും തയാറായില്ല
ഈ മാസം 14 ന് വൈകിട്ടാണ് തൊടുപുഴ ചുങ്കത്ത് 56 കാരനായ ജയകുമാർ കുഴഞ്ഞുവീണത്. പട്രോളിങ്ങിനിടെ പൊലീസ് കണ്ടെങ്കിലും മദ്യലഹരിയിലാണെന്ന് സംശയിച്ചതിനാൽ തിരിഞ്ഞു നോക്കിയില്ല. മണിക്കൂറുകൾ റോഡിൽ കിടന്ന ജയകുമാറിനെ ഒടുവിൽ പുലർച്ചെ രണ്ട് മണിക്ക് പൊലിസെത്തി ഫയർഫോഴ്സ് ആംബുലൻസിൽ കാരിക്കോട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ രാവിലെ എട്ട് മണിയോടെ വിവരമറിഞ്ഞു ബന്ധുക്കൾ എത്തിയതിനുശേഷം ആണ് ചികിത്സ നൽകാൻ ആശുപത്രി അധികൃതർ തയ്യാറായത്. ആളെ തിരിച്ചറിഞ്ഞിട്ടും പൊലീസ് വിവരം അറിയിച്ചില്ലെന്നാണ് ബന്ധുക്കളുടെ പരാതി.
തീർന്നില്ല അനാസ്ഥ. ഗുരുതരാവസ്ഥയിൽ ആയ ജയകുമാറിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിടെയും ചികിത്സ നൽകാൻ സംവിധാനങ്ങൾ വേണ്ടവിധത്തിൽ പ്രവർത്തിച്ചില്ല. വീഴ്ച്ചയിൽ പരാതിപ്പെടാൻ ഒരുങ്ങുകയാണ് കുടുംബം. ജില്ലാ ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പലതവണ പ്രതിസന്ധിയായെങ്കിലും സർക്കാർ ഇതുവരെ ഇടപെട്ടിട്ടില്ല. ഇനി ഒരാൾക്കും ജയകുമാറിന്റെ അവസ്ഥ ഉണ്ടാകരുതെന്നാണ് കുടുംബത്തിന്റെ അപേക്ഷ