ഗേ ഡേറ്റിങ് ആപ്പുകളുടെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗിക ചൂഷണം നടത്തി ലഹരിവില്‍പ്പനയ്ക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കോഴിക്കോട് ഡിസിപി അരുണ്‍ കെ. പവിത്രന്‍ മനോരമ ന്യൂസിനോട്. സൈബര്‍ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനൊപ്പം സ്കൂളുകളില്‍ ബോധവല്‍ക്കരണം നടത്തണമെന്നും നിര്‍ദേശിച്ചു. മനോരമ ന്യൂസിന്‍റെ അന്വേഷണ പരമ്പര ''ആപ്പിലാക്കും മാഫിയ' യോടാണ് ഡിസിപിയുടെ പ്രതികരണം.
ഗ്രിന്‍ഡര്‍ എന്ന ഗേ ഡേറ്റിങ് ആപ്ലിക്കേഷന്‍ വഴിയാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ വലവീശി പിടിക്കുന്നത്. പോക്കറ്റ് മണിയും സമ്മാനങ്ങളും നല്‍കി കുട്ടികളെ പ്രലോഭിപ്പിച്ച് വശത്താക്കാന്‍ ആളുകളേറെയുണ്ടെന്ന് തെളിവുകള്‍ സഹിതം മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. Also Read: ആണ്‍കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും ഡേറ്റിങ് ആപ്പില്‍; ടെലഗ്രാം വഴി വില്‍പ്പന
ഡേറ്റിങ് ആപ്പ് വഴി വലയിലാകുന്ന കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ടെലഗ്രാം ചാനലുകള്‍ വഴി വില്‍പ്പന നടത്തുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരവും ഇതിനോടൊപ്പം പുറത്തുവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസിന്‍റെ ഇടപെടല്‍. അന്വേഷണത്തില്‍ ലഭിച്ച തെളിവുകള്‍ പൊലിസും രഹസ്യാന്വേഷണവിഭാഗവും ശേഖരിച്ചു.