ഓപ്പറേഷൻ നുംഖോറിൽ പിടിച്ചെടുത്ത ദുൽഖർ സൽമാന്റെ ഡിഫൻഡർ വിട്ടുകൊടുക്കുന്ന കാര്യം കസ്റ്റംസ് പരിഗണിക്കണമെന്ന് ഹൈക്കോടതി. ആവശ്യമായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്നാണ് നിർദേശം. വാഹനങ്ങൾ പിടിച്ചെടുക്കുമ്പോൾ അതിനെക്കുറിച്ച് പ്രാഥമികമായ അന്വേഷണം നടത്തേണ്ടതല്ലേയെന്നും കസ്റ്റംസിനോട് കോടതി ചോദിച്ചു
ഡിഫൻഡർ വിട്ടുകിട്ടണമെന്ന ദുൽഖറിന്റെ ഹർജി നിലനിൽക്കില്ല എന്നായിരുന്നു കസ്റ്റംസിന്റെ വാദം. നിയമപ്രകാരം പരിശോധന നടത്താനും പിടിച്ചെടുക്കാനും കസ്റ്റംസിന് അധികാരമുണ്ട്. അന്വേഷണം ആദ്യഘട്ടത്തിലാണ്. കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതും വാഹനം പിടിച്ചെടുത്തതെന്നും കസ്റ്റംസ് വാദിച്ചു.
എന്നാൽ ഡിഫൻഡറിന്റെ ആദ്യ രജിസ്ട്രേഷൻ വ്യാജമാണ് എന്നു പറയാൻ എന്താണ് കാരണമെന്നും ഇതിനു തെളിവുകള്‍ ഉണ്ടായിരുന്നോ എന്നും കോടതി ആരാഞ്ഞു. വാഹനങ്ങൾ പിടിച്ചെടുക്കുമ്പോൾ അതിനെക്കുറിച്ച് പ്രാഥമികമായ അന്വേഷണം നടത്തേണ്ടതല്ലേ? 20 വർഷമായി ഇവിടെ ഓടിക്കൊണ്ടിരുന്ന, ഒരാൾ പണം കൊടുത്ത് വാങ്ങിയ വാഹനമാണ് പിടിച്ചെടുക്കുന്നത് എന്നും കോടതി പറഞ്ഞു.
തുടർന്നാണ് വാഹനം വിട്ടുകിട്ടുന്നതിന് കസ്റ്റംസിനെ സമീപിക്കാൻ ദുൽഖറിനോട് കോടതി നിർദേശിച്ചത്. ആവശ്യമായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ വാഹനം വിട്ടുകൊടുക്കുന്നത് കസ്റ്റംസ് പരിഗണിക്കണം. ആവശ്യം നിരസിക്കുകയാണെങ്കിൽ രേഖകളടക്കം അതിന്റെ കാരണങ്ങള്‍ അറിയിക്കണമെന്നും ജസ്റ്റിസ് സിയാദ് റഹ്മാൻ പറഞ്ഞു.