ശബരിമല സ്വർണപ്പാളി വിവാദത്തിന് പിന്നിൽ അയ്യപ്പസംഗമം വിജയിച്ചതിൽ അസഹിഷ്ണുതയുള്ളവരെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ. സ്വർണം മോഷണം പോയിട്ടുണ്ടെങ്കിൽ സംസ്ഥാന സർക്കാർ അന്വേഷിച്ചു കണ്ടുപിടിക്കും. വിജിലൻസ് അന്വേഷണം പൂർത്തിയായാൽ ഇപ്പോൾ ആരാണോ ഇതിൻ്റെ പിന്നിലുള്ളത് അവർ തന്നെയാവും കുറ്റക്കാരാകുകയെന്നും കെ.കെ.ശൈലജ ഒറ്റപ്പാലത്തു പറഞ്ഞു.
ശബരിമല വിഷയം വീണ്ടും നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. സന്നിധാനത്തെ സ്വർണപ്പാളി എവിടെപ്പോയി എന്ന ചോദ്യം ആളിക്കത്തിക്കാനവും പ്രതിപക്ഷം ശ്രമിക്കുക. തിരുവഞ്ചൂർ രാധാകൃഷ്ണൻ അടിയന്തര പ്രമേയ നോട്ടിസ് നൽകും. മനോരമ ന്യൂസ് ഉൾപ്പെടെ പുറത്ത് കൊണ്ടുവന്ന സ്വർണപ്പാളി സംബന്ധിച്ച വാർത്തകൾ സഭയിൽ ചർച്ചയാക്കാനാണ് പ്രതിപക്ഷ തീരുമാനം.
അയ്യപ്പ വിശ്വാസികളെ കബളിപ്പിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും അയ്യപ്പ സംഗമം ശബരിമലയിൽ അരങ്ങേറിയ ക്രമക്കേടുകൾ മറക്കാനായി നടത്തിയതാണെന്നും പ്രതിപക്ഷം ആരോപിക്കും. നേരത്തെ ഇതേ വിഷയത്തിൽ നൽകിയ നോട്ടിസ് പോലും പരിഗണനക്ക് എടുക്കാൻ ഭരണപക്ഷം അനുവദിച്ചില്ല. ഇന്നും അവതരാണുനുമതി ലഭിക്കാൻ സാധ്യത കുറവാണ്. കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയമാണ് എന്നതാകും സർക്കാരിന്റെ നിലപാട്. ഡിജിറ്റൽ സർവകലാശാ ഭേദഗതി ബില്ലും മലയാള ഭാഷാ ബില്ലും ഉൾപ്പെടെ ആറു ബില്ലുകൾ ഇന്ന് സഭയിൽ വരും.