പമ്പയില്‍ ഇന്നുമുതല്‍ സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം. നിലയ്ക്കലിലാണ് ഇനി പ്രധാന സ്പോട്ട് ബുക്കിങ് കേന്ദ്രം. 20,000 എത്തിയാല്‍ സ്പോട്ട് ബുക്കിങ് നിയന്ത്രിക്കും. പരിധി കഴിഞ്ഞാല്‍ സ്പോട്ട് ബുക്കിങ്ങിനുള്ളവര്‍ കാത്ത് നില്‍ക്കേണ്ടി വരും. ഡിസംബര്‍ 10 വരെ ഓണ്‍ലൈന്‍ ബുക്കിങ് ഒഴിവില്ലാത്തതിനാല്‍ സ്പോട്ട് ബുക്കിങ്ങുകാര്‍ കൂടുതല്‍ വന്നേക്കും. പമ്പയില്‍ തീര്‍ഥാടകര്‍ കൂടുതല്‍ സമയം കാത്ത് നില്‍ക്കുന്നത് ഒഴിവാക്കാനാണ് ശ്രമം.
ഇന്നലെ ഉണ്ടായ അതിഗുരുതര സാഹചര്യത്തിന്‍റെ പശ്ചാത്തലത്തില്‍ കുറുക്കുവഴികളില്‍ തീര്‍ഥാടകര്‍ ഇറങ്ങാതെ ഇരിക്കാന്‍ നിരീക്ഷണം കര്‍ശനമാക്കും. രണ്ടേകാല്‍ ലക്ഷത്തിലധികം തീര്‍ഥാടകരാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ദര്‍ശനത്തിന് എത്തിയത്.
കഴിഞ്ഞ ദിവസത്തെ ഭക്തജനത്തിരക്ക് കാരണം പലര്‍ക്കും മലകയറാനായില്ല. സേലത്ത് നിന്നെത്തിയ 37 പേര്‍ പന്തളത്ത് എത്തി മാലയൂരി. ബെംഗളൂരുവില്‍ നിന്നുള്ളവരും മടങ്ങിപ്പോയവരിലുണ്ട്. അതേസമയം ഡിസംബർ 10 വരെ ശബരിമലയില്‍ ഇനി ഓൺലൈൻ ബുക്കിങ്ങിന് ഒഴിവില്ല. ഉച്ചയ്ക്ക്11മണിയോടെയാണ് സന്നിധാനത്ത് തിരക്കേറിയത്. ഭയാനകമായ സാഹചര്യം എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് തന്നെ പറഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ ബെയിലി പാലംവഴി കടത്തിവിട്ടവരും തിങ്ങി നിറഞ്ഞു. ഒരുമണിയോടെ തീര്‍ഥാടകര്‍ ബാരിക്കേട് തകര്‍ത്ത് ഇരച്ചുകയറി. പലരും ബാരിക്കേടിന് മുകളില്‍കൂടി കയറി. പതിനെട്ടാംപടിയുടെ താഴെ തിക്കും തിരക്കുമായി. കുട്ടികള്‍ അലറിക്കരഞ്ഞു.
നട അടയ്ക്കുന്നത് രണ്ട് മണിയാക്കി. പൊലീസിന്‍റെ കഠിന പരിശ്രമത്തില്‍ മൂന്നുമണിയോടെ തിരക്ക് നിയന്ത്രിച്ചു. 20,000 തീരുമാനിച്ച സ്പോട്ട് ബുക്കിങ് 35000വരെ കടന്നുപോയി.