umar-phone

ചെങ്കോട്ട ചാവേർ സ്ഫോടനം നടത്തിയ ഉമർ നബിയുടെ ഒരു മൊബൈൽഫോൺ അന്വേഷണസംഘം കണ്ടെത്തി. ആകെ രണ്ട് മൊബൈൽഫോൺ ഇയാളുടെ പേരിലുണ്ടെന്നാണ് നിഗമനം. കശ്മീർ താഴ്‌വരയിലെ ഒരു നദിയിൽനിന്നാണ് മൊബൈൽഫോൺ വീണ്ടെടുത്തത്. കഴിഞ്ഞമാസം അവസാനം ഉമർ നബി വീട്ടിലെത്തിയിരുന്നു. ചെങ്കോട്ട സ്ഫോടനത്തിന് ദിവസങ്ങൾക്ക് മുൻപുള്ള ഈ സന്ദർശനത്തിൽ ഉമർ നബി മൊബൈൽഫോൺ സഹോദരന് നൽകി. 

സ്ഫോടനത്തിനുശേഷം ഉമറിന്റെ സഹോദരങ്ങളായ സഹൂർ ഇല്ലാഹി, ആഷിഖ് ഹുസൈൻ എന്നിവരെ പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇല്ലാഹിയാണു മൊബൈൽ ഉപേക്ഷിച്ച നദിയിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. ഫൊറൻസിക് സംഘത്തിന്റെ സഹായത്തോടയാണു വിവരങ്ങൾ വീണ്ടെടുത്തത്. ഈ മൊബൈൽഫോണിലെ വിഡിയോയാണ് ഇന്നലെ പുറത്തുവന്നത്. അതിനിടെ, ED അറസ്റ്റ് ചെയ്ത അൽ ഫലാഹ് സർവകലാശാല ചെയർമാൻ  ജാവേദ് അഹമ്മദ് സിദ്ധിക്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. 

അതേസമയം ഡല്‍ഹിയില്‍ രേഖകളില്ലാതെ താമസിച്ചതിന് 175 പേര്‍ക്കെതിരെ പൊലീസ് കേസ്. ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ അനധികൃത താമസക്കാരെ കണ്ടെത്താന്‍ ഡല്‍ഹിയില്‍ വ്യാപക പരിശോധന തുടരുകയാണ്.  175 പേര്‍ക്കെതിരെ ഡല്‍ഹി നോര്‍ത്തിലാണ് കേസെടുത്തത്. രണ്ടായിരത്തോളം വീടുകളില്‍ പൊലീസ് പരിശോധന നടത്തി. പലരും പൊലീസ് വെരിഫിക്കേഷന്‍ പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 

ചില ലോഡ‌‌്‌ജുകളും ഗസ്റ്റ് ഹൗസുകളും അടച്ചുപൂട്ടാനും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലും, യുപിയും ഹരിയാനയും ഉള്‍പ്പെടുന്ന രാജ്യതലസ്ഥാന മേഖലകളിലും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാന്‍ അതാത് ഡിസിപിമാര്‍ക്ക് ഡല്‍ഹി പൊലീസ് ആസ്ഥാനത്തുനിന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ, ചെങ്കോട്ടയിലും പരിസര പ്രദേശങ്ങളിലും നിരീക്ഷണത്തിന് 50 ഡ്രോണുകള്‍ പൊലീസ് വിന്യസിച്ചു.

ENGLISH SUMMARY:

Umar Nabi's mobile phone discovery is central to the Red Fort blast investigation. The recovered phone could provide crucial insights into the planning and execution of the attack.